തോക്ക് ചൂണ്ടിയ പ്രതി പോലീസ് ജീപ്പ് തകർത്തു

ബേക്കൽ: ഉദുമ താജ് ഹോട്ടലിൽ അതിക്രമിച്ച് കയറി തോക്ക് ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതി കോട്ടിക്കുളത്തെ കോലാച്ചി നാസർ 39, ബേക്കൽ പോലീസിന്റെ ജീപ്പ് അടിച്ചുതകർത്തു.


വൈദ്യ പരിശോധനയ്ക്ക് കാസർകോട് താലൂക്കാശുപത്രിയിലെത്തിച്ചപ്പോൾ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, പോലീസ് ജീപ്പിന് മുകളിൽ ഓടിക്കയറുകയും ചെയ്തു. പിന്നീട് ബേക്കൽ പോലീസ് സ്റ്റേഷനിലും, കാഞ്ഞങ്ങാട് ജില്ലാ ജയിലിലും പ്രതി ഭീകരാന്തരീക്ഷമുണ്ടാക്കി.


ഇന്നലെ പുലർച്ചെയാണ് നാസറിനെ ബേക്കൽ എസ്.ഐ, പി. അജിത്ത്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം താജ് ഹോട്ടലിൽ നിന്നും കീഴ്പ്പെടുത്തി സ്റ്റേഷനിലെത്തിച്ചത്. അറസ്റ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് പ്രതിയെ വൈദ്യ പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രിക്കകത്ത് പ്രതി പരാക്രമം കാട്ടുകയും, പുറത്തേക്ക് ഓടിയെത്തി ബേക്കൽ പോലീസ് ജീപ്പിന്റെ മുൻവശം ഗ്ലാസ്സും ബീക്കൺ ലൈറ്റും അടിച്ച് തകർക്കുകയും ചെയ്തു.

പോലീസ് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനത്തിന് മുകളിൽ ഓടിക്കയറി പോലീസുകാർക്ക് നേരെ ഭീഷണി ഉയർത്തുകയും, വാഹനത്തിന് മുകളിൽ നൃത്തം വെക്കുകയും ചെയ്തു. വീണ്ടും കീഴ്പ്പെടുത്തിയ ശേഷം പ്രതിയെ ബേക്കൽ സ്റ്റേഷനിലെത്തിച്ചപ്പോഴാണ് പ്രതി പോലീസ് സ്റ്റേഷനിലും അതിക്രമം കാട്ടിയത്.


ഹൊസ്ദുർഗ് ജൂഡീഷ്യൽ മജിസട്രേറ്റ് (രണ്ട്) മുമ്പാകെ ഹാജരാക്കിയ നാസറിനെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. പോലീസ് വാഹനം തകർത്തതിൽ 7000 രൂപയുടെ നാശനഷ്ടമുണ്ട്. പോലീസ് ജീപ്പ് തകർത്തതിനും, കസ്റ്റഡിയിൽ ഭീകരത സൃഷ്ടിച്ചതിനും നാസറിന്റെ പേരിൽ മറ്റൊരു കേസ്സ് കൂടി ബേക്കൽ പോലീസ് റജിസ്റ്റർ ചെയ്തു.

LatestDaily

Read Previous

അബ്ദുല്ലക്കുട്ടിയെ കാഞ്ഞങ്ങാട്ട് കൊണ്ടുവരാൻ ലീഗ് ശ്രമം

Read Next

നടൻ ദിലീപിന് വേണ്ടി മൊഴി മാറ്റാൻ ലക്ഷങ്ങൾ വാഗ്ദാനവും ഭീഷണിയും