ആറ് മണ്ഡലങ്ങള്‍ ലക്ഷ്യം; എല്ലാ മാസവും ബിജെപി കേന്ദ്ര നേതാക്കള്‍ കേരളത്തിലെത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നിർദേശം നൽകി. ബൂത്ത് ചുമതലയുള്ളവർ മുതൽ മുതിർന്ന നേതാക്കൾ വരെ വീട് കയറൽ അടക്കം സജീവമായി നടത്തണമെന്നാണ് നിർദ്ദേശം.

തിരുവനന്തപുരത്ത് ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് നിർദേശം. മത സാമുദായിക സംഘടനകളുടെയും റസിഡന്‍റ്സ് അസോസിയേഷനുകളുടെയും പരിപാടികളിൽ പങ്കെടുക്കാൻ ദേശീയ അധ്യക്ഷൻ ആവശ്യപ്പെട്ടു. മണ്ഡലത്തിന്‍റെ ചുമതലയുള്ള ദേശീയ നേതാക്കൾ എല്ലാ മാസവും നേരിട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, മാവേലിക്കര, തൃശൂർ, പാലക്കാട് സീറ്റുകളെ ലക്ഷ്യമിട്ടാണ് ആക്ഷൻ പ്ലാൻ.

കേരളം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ അധ്യക്ഷൻ തന്നെ കർമ്മപദ്ധതി മുന്നോട്ടുവച്ചിട്ടുണ്ട്. ഇന്ന് മുതൽ ആറ് മണ്ഡലങ്ങളിൽ പ്രവർത്തനം ആരംഭിക്കണമെന്നാണ് നദ്ദയുടെ നിർദ്ദേശം. ദേശീയ തലത്തിൽ തയ്യാറാക്കിയ പട്ടികയിൽ ബി.ജെ.പി വിജയസാധ്യത വിലയിരുത്തിയ ആറ് മണ്ഡലങ്ങളിലാണ് കർമ്മപദ്ധതി നടപ്പാക്കുന്നത്. അതേസമയം, കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ജെപി നദ്ദ ഇന്നലെ രംഗത്തെത്തിയിരുന്നു.

K editor

Read Previous

ദേശീയ ഗെയിംസ്; കേരള സംഘം ഗുജറാത്തിലേക്കു യാത്രതിരിച്ചു

Read Next

ഇന്ത്യൻ താരം താനിയ ഭാട്യയെ ലണ്ടനില്‍ കൊള്ളയടിച്ചു