കയ്യേറ്റം സമ്മതിച്ച് ലീഗ് പഞ്ചായത്തംഗം മയക്കുമരുന്നുമായി ബന്ധമില്ലെന്ന്

സ്റ്റാഫ് ലേഖകൻ

അജാനൂർ: കൊത്തിക്കാൽ സ്വദേശി നദീർ തന്നെ കൈയ്യേറ്റം ചെയ്തിരുന്നുവെന്നും, ഈ കയ്യേറ്റത്തിന് മയക്കുമരുന്ന് ഇടപാടുമായി ബന്ധമൊന്നുമില്ലെന്നും, അജാനൂർ ഗ്രാമ പഞ്ചായത്തംഗം,  മുസ്്ലീം ലീഗിലെ ആവിക്കാൽ ഇബ്രാഹിം പ്രസ്താവനയിൽ അറിയിച്ചു.

പഞ്ചായത്തംഗം ലേറ്റസ്റ്റിൽ എത്തിച്ച പ്രസ്താവന ശ്രദ്ധിക്കുക:

ലഹരി മാഫിയ പഞ്ചായത്തംഗത്തിന്റെ തലക്കടിച്ചുവെന്ന് ലേറ്റസ്റ്റ് വാർത്ത വാസ്തവ വിരുദ്ധമാണ്. ഞാനും കൊത്തിക്കാലിലെ ഷബീർ എന്ന യുവാവും തമ്മിൽ വാക്കേറ്റവും ചെറിയ രൂപത്തിൽ കയ്യേറ്റവും ഉണ്ടാവുകയും അതിനോടനുബന്ധിച്ചു ഷബീറിന്റെ അടുത്ത ബന്ധുവായ നദീർ കൊത്തിക്കാൽ എന്നെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവം വാസ്തവമാണ്. ഇതിൽ എനിക്കോ ഷബീറിനോ നദീറിനോ മയക്കു മരുന്നുമായി ഒരു ബന്ധവുമില്ല.

ഉണ്ടെന്ന ആരോപണം പോലും ആർക്കുമില്ല.ഏതാനും ദിവസം മുമ്പ് മയക്കു മരുന്നുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്ന ഒരു യുവാവ് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ “എന്റെ കേരളം സുന്ദര കേരളം”പരിപാടി നടക്കുന്നതിനിടയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്ത അഴുക്കു പുരണ്ട ഒരു ബൈക്കിൽ തെക്കോട്ടും വടക്കോട്ടും വ്യത്യസ്ത വസ്ത്രം ധരിച്ചു സഞ്ചരിച്ചപ്പോൾ അത് കണ്ട ചിലർക്ക് സംശയം ജനിക്കുകയും, യോഗം കഴിഞ്ഞിറങ്ങുമ്പോൾ അതുവഴി വന്ന പൊലീസിന് വിവരം കൈമാറുകയും ചെയ്തിരുന്നു. പക്ഷെ ആ ബൈക്ക് ഷബീറിന്റേതായിരുന്നു.

പോലീസ് ഷബീറിനെ പിടിച്ചു കൊണ്ടു പോയി ചോദ്യം ചെയ്തപ്പോൾ അപകടത്തിൽപ്പെട്ട്‌ നമ്പർ പ്ലേറ്റ് നഷ്ടപ്പെടുകയും മറ്റു തകരാറുകൾ സംഭവിക്കുകയും ചെയ്ത ബൈക്ക് റിപ്പയർ കഴിഞ്ഞെങ്കിലും പുതിയ നമ്പർ പ്ലേറ്റ് കിട്ടാത്തതിനാൽ സ്ഥാപിക്കാതെ കൊണ്ടു വന്നതാണെന്നും,  നേരത്തെ സംശയിക്കപ്പെട്ട ലീഗുമായി ഒരു ബന്ധവുമില്ലാത്ത യുവാവ് തനിക്കൊരു ചടങ്ങിന് പോകാനുണ്ടെന്നും  ഡ്രസ്സ് മാറി വരാമെന്നും പറഞ്ഞ്, തൽക്കാലത്തേക്ക് ഷബീറിനോട് വാങ്ങിയതാണെന്നും ആ ബൈക്ക് മയക്കു മരുന്ന് കടത്തിനുപയോഗിക്കപ്പെടുകയോ ഷബീറിന് അത്തരത്തിൽ യാതൊരു ബന്ധമോ ഇല്ലെന്നും ബോധ്യപ്പെട്ടതിനാൽ ഷബീറിനെ പോലീസ് നിരുപാധികം വിട്ടയക്കുകയും ചെയ്തിരുന്നു.

ബൈക്ക് നമ്പർ പോലീസിന് നൽകിയതും ഷബീറിന് മാനഹാനി ഉണ്ടാക്കത്തക്ക വിധം പോലീസിൽ പിടിപ്പിച്ചതും, ഞാനാണെന്ന് തെറ്റിദ്ധരിച്ച അയാൾ വാട്സ് ആപ്പിൽ എന്നെ കുറ്റപ്പെടുത്തി ഒരു കമന്റിട്ടപ്പോൾ, ക്ഷിപ്രകോപം പ്രകൃതത്തിലലിഞ്ഞു ചേർന്ന ഞാൻ ഷബീറിനെ ഫോണിൽ വിളിച്ച് കയർത്ത്‌ സംസാരിക്കുകയും പന്നീട് നേരിൽ കണ്ടപ്പോൾ വാക്ക് തർക്കം മൂത്ത്‌ ഞാനദ്ദേഹത്തെ കയ്യേറ്റം ചെയ്തു പോവുകയുമുണ്ടായി.വിവരമറിഞ്ഞവിടെയെത്തിയ ഷബീറിന്റെ ബന്ധുവായ നദീർ എന്നെയും കയ്യേറ്റം ചെയ്തു. അറിഞ്ഞോ അറിയാതെയോ സംഭവിച്ചു പോയ ഈ സംഭവങ്ങളിൽ എന്റെ ഭാഗത്തും നദീറിന്റെ ഭാഗത്തും അവിവേകവും അരുതായ്മയും വന്നു പോയിട്ടുണ്ട്. ഷബീറും അവന്റെ കൂട്ടുകാരും അകാരണമായി സംശയിക്കപ്പെടാനുമിടയായിട്ടുണ്ട്.

ഈ പശ്ചാത്തലത്തിലാണ് ഞങ്ങൾ മൂന്നു പേരും പ്രതിനിധാനം ചെയ്യുന്ന മുസ്‌ലിം ലീഗ് നേതൃത്വം ഈ വിഷയത്തിലിടപെട്ട് ഞങ്ങളെയെല്ലാവരെയും കേട്ട ശേഷം, ഓരോരുത്തരുടെയും വീഴ്ചകൾ അവരവരെ ബോധ്യപ്പെടുത്തി ഞങ്ങൾക്കെല്ലാം പൂർണ്ണ തൃപ്തിയുണ്ടാകത്തക്ക വിധം പ്രശ്നങ്ങൾ സമ്പൂർണ്ണമായി പരിഹരിക്കുകയും ചെയ്തു. ഇത്രയുമാണ് മുസ്്ലീം ലീഗ് പാർട്ടിയുടെ പഞ്ചായത്തംഗമായ ആവിക്കൽ ഇബ്രാഹിമിന്റെ പ്രസ്താവന.

പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന നടക്കുന്നുണ്ടെങ്കിൽ ആ വിവരം പോലീസ് അധികാരികളെ അറിയിക്കേണ്ട ബാധ്യതയും കടമയും ജനങ്ങൾ തെരഞ്ഞെടുക്കപ്പെട്ട ഒരു  ഗ്രാമപഞ്ചായത്ത് അംഗത്തിനുണ്ടെന്നിരിക്കെ, മയക്കുമരുന്നുമായി ബന്ധമുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്ന യുവാവ് നമ്പർ പ്ലേറ്റ്  മറച്ചുവെച്ച മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചതും, അയാളെക്കുറിച്ച് പോലീസിന്  വിവരം നൽകിയതും, ആ ബൈക്കോടിച്ച ഷബീറിനെ  പോലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത വസ്തുതയും, ഇതേത്തുടർന്ന് ഷബീറിന്റെ ബന്ധുവായ നദീർ പഞ്ചായത്തംഗത്തെ പരസ്യമായി തലക്കടിച്ച കാര്യവും  സത്യമാണെന്ന് മേൽ പ്രസ്താവനയിൽ പഞ്ചായത്തംഗം ആവിക്കാൽ ഇബ്രാഹിം സമ്മതിക്കുന്നുണ്ട്.

ഷബീറിനെ സംശയിച്ചത് മയക്കുമരുന്നിന്റെ  പേരിൽ തന്നെയാണെന്നും ഇബ്രാഹിമിന്റെ പ്രസ്താവനയിൽ വ്യക്തമാണ്. ലേറ്റസ്റ്റ് പത്രവാർത്തയ്ക്ക് ശേഷം പഞ്ചായത്തംഗം സ്വയം വെളിപ്പെടുത്തിയ വസ്തുതകളാണ് ഈ വിഷയത്തിൽ സപ്തംബർ 21-ന് ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയിലുള്ള പരാമർശങ്ങൾ.

ഇപ്പോൾ മർദ്ദനത്തിന് ശേഷം ആവിക്കൽ ഇബ്രാഹിമിന്റെ പാർട്ടി ഇടപെട്ട് പ്രശ്നങ്ങൾക്ക് മയക്കുമരുന്നുമായി ബന്ധമില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇബ്രാഹിം പുതിയ പ്രസ്താവനയുമായി മുന്നോട്ടു വന്നത്. തലയ്ക്കടിയേറ്റ പഞ്ചായത്തംഗം സ്വകാര്യാശുപത്രിയിൽ ചികിത്സ തേടിയ പടവും ഈ സംഭവത്തിനുള്ള വ്യക്തമായ തെളിവാണ്.

LatestDaily

Read Previous

പാർട്ടി നേതാവിന്റെ മകൾ പഠിക്കുന്ന സ്വകാര്യ സ്കൂളിന് കാഞ്ഞങ്ങാട് നഗരസഭ 15 ലക്ഷം നൽകി

Read Next

 യുവാവിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തു