ബേക്കൽ മൽസ്യത്തൊഴിലാളി പൂച്ചക്കാട്ടെത്തിയതിൽ ദുരൂഹത

പള്ളിക്കര: കൊലപാതകമാണെന്ന് ഏതാണ്ടുറപ്പാക്കിയ മൽസ്യത്തൊഴിലാളി ബേക്കൽ ഗുരുനഗറിലെ സുധാകരൻ 36, പള്ളിക്കര പൂച്ചക്കാട്ട് എങ്ങിനെ എത്തിയെന്ന കാര്യത്തിൽ മൊത്തം ദുരൂഹത. സുധാകരന് കടൽപ്പണിയാണ്. എഫ്ഐആർ എന്നു പേരുള്ള സ്വന്തം കുടുംബത്തിന്റെ തോണിയിൽ സുധാകരൻ ഇന്നലെയും മൽസ്യബന്ധനത്തിന് പോയിരുന്നു.


ജ്യേഷ്ടൻ മണിയും ഈ തോണിയിലാണ് മൽസ്യബന്ധനം നടത്തുന്നത്. ഇന്നലെ ഉച്ചയ്ക്ക് 12-30 മണിയോടെ തോണി പള്ളിക്കര തീരത്ത് അടുപ്പിച്ചിരുന്നു.
തീരത്ത് ഒരു മണി വരെ സുധാകരനെ കണ്ടവരുണ്ട്. നന്നായി മദ്യപിക്കുന്ന പ്രകൃതക്കാരനാണെങ്കിലും, രണ്ടു മാസമായി മദ്യപാനമില്ല.
അവിവാഹിതനാണ്. മദ്യം കഴിച്ചാൽ സ്വന്തം വീട്ടിൽ വഴക്കിടാറുണ്ട്.


ലഹരിയിൽ കലഹപ്രിയനായ സുധാകരന്റെ അക്രമപ്രവൃത്തികൾ സഹിക്കാനാവാതെ വരുമ്പോൾ വീട്ടുകാർ പല തവണ രാപ്പകലെന്നില്ലാതെ പോലീസിനെ വിളിക്കാറുമുണ്ട്.
പോലീസ് രാമഗുരു നഗറിലുള്ള സുധാകരന്റെ വീട്ടിലെത്തി പല തവണ ഈ യുവാവിനെ താക്കീതു നൽകിയിട്ടുമുണ്ട്. മൂത്ത സഹോദരൻ: മണി. സഹോദരിമാർ: ചിത്ര, സാവിത്രി. സുധാകരൻ നല്ല ആരോഗ്യവാനാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലം വിജനമാണ്.
ഓഡിറ്റോറിയം കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടാനുള്ള സാധ്യതകൾ കാണുന്നില്ല. കാരണം, ഓഡിറ്റോറിയം കെട്ടിടത്തിന്റെ മുകളിൽ കയറാൻ വഴികൾ ഒന്നും എളുപ്പമല്ല.


ഇനി ഒരാൾ പകൽ നേരത്ത് ഓഡിറ്റോറിയം കെട്ടിടത്തിനകത്ത് കടന്നാൽ തന്നെ, നിർമ്മാണ ജോലികളിൽ ഏർപ്പെട്ട പത്തോളം അതിഥിത്തൊഴിലാളികൾ ഈ കെട്ടിടത്തിലുണ്ട്. രാത്രിയിൽ ഇവർ താമസിക്കുന്നതും കെട്ടിടത്തിൽ തന്നെയാണ്.
കെട്ടിടത്തിൽ നിന്ന് അരക്കിലോ മീറ്റർ ദൂരെ പടിഞ്ഞാറാണ് റെയിൽപ്പാളം.
റെയിൽപ്പാളം വരെ വയലാണ്. കൃഷിയിറക്കിയിട്ടുമുണ്ട്. പാളം വഴി വയലിലൂടെ നടന്നു വന്നാൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്താൻ സാധിക്കും. ഈ സ്ഥലം കഞ്ചാവു കൈമാറ്റക്കാരുടെ കേന്ദ്രമാണെന്ന് പരിസര വാസികൾ ലേറ്റസ്റ്റിനോട് പറഞ്ഞു.

LatestDaily

Read Previous

ബേക്കൽ മത്സ്യത്തൊഴിലാളിയെ പൂച്ചക്കാട്ട് കൊന്നുതള്ളി

Read Next

മത്സ്യത്തൊഴിലാളിയുടെ മുഖം വികൃതമാക്കി