ഹോസ്റ്റൽ ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസ്; സൈനികൻ അറസ്റ്റിൽ

മൊഹാലി: ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ നിന്നുള്ള ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ സൈനികൻ അറസ്റ്റിൽ. ശുചിമുറി ദൃശ്യങ്ങൾ പകർത്താൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയതിനാണ് അരുണാചൽ പ്രദേശിൽ നിന്നുള്ള സഞ്ജീവ് സിംഗ് എന്ന സൈനികനെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയെയും കാമുകനെയും കൂട്ടാളിയെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

നേരത്തെ അറസ്റ്റിലായവരുടെ ഫോണുകൾ പരിശോധിച്ച് ശേഖരിച്ച ഡിജിറ്റൽ, ഫോറൻസിക് തെളിവുകളുടെ അടിസ്ഥാനത്തിലാണ് സിംഗിനെ അറസ്റ്റ് ചെയ്തതെന്ന് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് പറഞ്ഞു. അരുണാചൽ പ്രദേശിലെ സൈനിക ഉദ്യോഗസ്ഥർ, പോലീസ്, അസമിൽ നിന്നുള്ള പോലീസുകാർ എന്നിവരുടെ സഹായത്തോടെ സെലാ പാസിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് ഡിജിപി പറഞ്ഞു. കൂടുതൽ ദൃശ്യങ്ങളും വീഡിയോകളും ആവശ്യപ്പെട്ട് സൈനികൻ പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ ഫോണും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

വനിതാ ഹോസ്റ്റലിലെ പെൺകുട്ടികളുടെ ശുചിമുറിയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ ഒരാഴ്ചയായി സർവകലാശാലയിലും പരിസരത്തും വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു. എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥിനി സ്വന്തം ദൃശ്യങ്ങൾ മാത്രമാണ് കാമുകൻ അയച്ചുകൊടുത്തതെന്ന് പൊലീസ് പറഞ്ഞു. ഹോസ്റ്റലിലെ പെൺകുട്ടികളുടെ ടോയ്ലറ്റ് ദൃശ്യങ്ങൾ പകർത്താൻ അറസ്റ്റിലായ പെൺകുട്ടിയെ കാമുകനും കൂട്ടാളിയും ചേർന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

K editor

Read Previous

മുൻമന്ത്രി ആര്യാടൻ മുഹമ്മദ് അന്തരിച്ചു

Read Next

ആര്യാടന്‍ മുഹമ്മദിൻ്റെ വിയോഗം വ്യക്തിപരമായ നഷ്ടം കൂടിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍