നോബിയുടെ ശേഖരത്തിൽ ഹരിജൻ പത്രം മുതൽ ആദ്യകാല ലോട്ടറി വരെ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ഇന്ത്യയിലെ ഭാഗ്യക്കുറികളുടെ ചരിത്ര ശേഖരവുമായി യുവാവ് ശ്രദ്ധ നേടുന്നു. കണ്ണൂർ ആലക്കോട്ടെ കർഷകൻ നോബി കുര്യാലപ്പുഴയാണ് 48, ഇന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ലോട്ടറി ടിക്കറ്റുകളുടെ ചരിത്ര ശേഖരത്തിന്റെ ഉടമസ്ഥൻ. 1968-ൽ കേരള സർക്കാർ ലോട്ടറി ആരംഭിച്ചതു മുതലുള്ള ടിക്കറ്റ് തൊട്ട് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിലവിലുണ്ടായിരുന്ന ഭാഗ്യക്കുറി ടിക്കറ്റുകളുടെ ശേഖരം വരെ നോബിയുടെ ശേഖരത്തിലുണ്ട്.

1968 ജനുവരി 26 ന് നറുക്കെടുത്ത കേരള ഭാഗ്യക്കുറി ടിക്കറ്റിന്റെ കോപ്പിയും ഇദ്ദേഹം നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. 50,000 രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന 1968ലെ ഭാഗ്യക്കുറി ടിക്കറ്റിന് 1 രൂപയാണ് വില. സംസ്ഥാന ലോട്ടറി ടിക്കറ്റിന്റെ വില 500 രൂപ വരെ എത്തിനിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിന്റെ ആദ്യകാല ലോട്ടറിയുടെ ചിത്രം ചരിത്ര വിദ്യാർത്ഥികൾക്കും ഭാഗ്യാന്വേഷകർക്കും കൗതുകമാണ്.

ജമ്മു – കശ്മീരിൽ നിലവിലുണ്ടായിരുന്ന ഭാഗ്യക്കുറി ടിക്കറ്റടക്കം 16 സംസ്ഥാനങ്ങളുടെ ലോട്ടറി ടിക്കറ്റുകൾ നോബി കുര്യാലപ്പുഴയുടെ പക്കലുണ്ട്. സ്കൂൾ പഠനകാലം തൊട്ട് ചരിത്രരേഖകൾ ശേഖരിക്കുന്നത് ഹോബിയാക്കിയ നോബിയുടെ ശേഖരത്തിൽ ഏറ്റവും അമൂല്യമായ വസ്തു മഹാത്മാഗാന്ധിയുടെ ഹരിജൻ പത്രത്തിന്റെ കോപ്പിയാണ്.  ഇതിന് പുറമെ ബ്രിട്ടീഷ് ഭരണകാലത്തെ റെയിൽവെ ടിക്കറ്റുകൾ, പഴയകാലത്തെ ബസ് ടിക്കറ്റുകൾ എന്നിവയും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.

തളിപ്പറമ്പ് താലൂക്കാശുപത്രി നഴ്സായ ഭാര്യ റെനിസ്കറിയയും മക്കളായ ക്രിസ്റ്റൽ നെൽബിൻ എന്നിവരും നോബിയുടെ പുരാരേഖ ശേഖരണത്തിന് സർവ്വ പിന്തുണയും നൽകുന്നുണ്ട്.

LatestDaily

Read Previous

 കെ.വി. രമേശനുമായി ബന്ധമില്ലെന്ന് മടിക്കൈ ലൈറ്റ് ആന്റ് സൗണ്ടുടമ

Read Next

സംസ്ഥാനത്ത് 1000 കോടിയുടെ സെമി കണ്ടക്ടര്‍ പാര്‍ക്ക് ആരംഭിക്കുന്നു