പോപ്പുലർ ഫ്രണ്ട് നേതാവ്് എൻഐഏ കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജൻസി (എൻഐഏ) നടത്തിയ റെയ്ഡിൽ പോപ്പുലർ ഫ്രണ്ട് നേതാവ് കസ്റ്റഡിയിൽ. ഇന്ന് പുലർച്ചെ 5.30 മണിക്ക് തൃക്കരിപ്പൂർ െമട്ടമ്മലിലെത്തിയ എൻഐഏ സംഘം പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് സി.പി. സുലൈമാന്റെ വീട്ടിലും പരിശോധന നടത്തി. സുലൈമാൻ കസ്റ്റഡിയിലാണ്.

ജില്ലയിൽ തൃക്കരിപ്പൂർ, വിദ്യാനഗർ എന്നിവിടങ്ങളിലാണ് ഒരേസമയം എൻഐഏ റെയ്ഡ് നടന്നത്. ശക്തമായ സന്നാഹങ്ങളോടെയാണ്  എൻഐഏ ഉദ്യോഗസ്ഥർ ജില്ലയിലെത്തിയത്. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡണ്ടും കൈക്കോട്ട്കടവ് സ്കൂളിലെ അധ്യാപകനുമായ സി.പി. സുലൈമാന്റെ വീട്ടിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നതറിഞ്ഞ് പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ പ്രവർത്തകർ വീടിന് മുന്നിൽ തടിച്ചു കൂടി.

കൊല്ലത്ത് നിന്നും തിരിച്ചുവരികയായിരുന്ന സി.പി. സുലൈമാനെ എൻ.ഐ.ഏ  പയ്യന്നൂരിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. പത്ത് സംസ്ഥാനങ്ങളിലാണ് എൻഐഏ റെയ്ഡ് നടന്നത്. കേരളത്തിന് പുറമെ അയൽസംസ്ഥാനങ്ങളായ തമിഴ്നാട്, കർണ്ണാടക എന്നിവിടങ്ങളിലും എൻഐഏയുടെ നേതൃത്വത്തിൽ വ്യാപക  റെയ്ഡ് നടന്നു.

കേരളത്തിൽ പല സ്ഥലങ്ങളിലും റെയ്ഡിനെതിരെ പ്രതിഷേധം നടന്നു. തൃക്കരിപ്പൂരിലും വിദ്യാനഗറിലും പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിൽ പ്രതിഷേധമുയർന്നു. ശക്തമായ സേനാസുരക്ഷയിലാണ് എൻഐഏ ജില്ലയിൽ പരിശോധനയ്ക്കെത്തിയത്. പോലീസിനെ വിവരമറിയിക്കാതെ രഹസ്യമായിട്ടായിരുന്നു സംഘമെത്തിയത്. തൃക്കരിപ്പൂരിൽ റെയ്ഡ് നടന്ന വീടിന് സമീപം ചന്തേര പോലീസ് ഇൻസ്പെക്ടർ പി. നാരായണന്റെ നേതൃത്വത്തിൽ പോലീസ് കാവലുണ്ടായിരുന്നു.

10 സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അടക്കം 100 ലേറെ പേര്‍ കസ്റ്റഡിയിലായി. വിവിധ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പെട്ടവരാണ് പിടിയിലായത്. കേരളത്തിനു പുറമേ, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും റെയ്ഡ് നടന്നു. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലൂം പരിശോധന നടന്നു. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളടക്കം ഒമ്പത് പേര്‍ കസ്റ്റഡിയിലാണ്. പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി തുടങ്ങിയവരെ മലപ്പുറത്ത് നിന്ന് പിടികൂടി. പോപ്പുലര്‍ ഫ്രണ്ട് മുന്‍ ഓഫീസ് അക്കൗണ്ടന്റും മലപ്പുറത്ത് പിടിയിലായി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗവും എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയും തൃശൂരില്‍ പിടിയിലായി. എസ്.ഡി.പി.ഐ മുൻ ജില്ലാ നേതാക്കള്‍ കോട്ടയത്തും പിടിയിലാണ്. തിരുവനന്തപുരത്ത് നാല് മൊബൈല്‍ ഫോണുകളും ലഘുലേഖകളും  പിടിച്ചെടുത്തു.  എന്‍.ഐ.ഏയുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സംസ്ഥാന പോലീസ് വിഭാഗവും പങ്കെടുത്തു.

കേരളത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായിരിക്കുന്നത്. മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും നിരവധി നേതാക്കള്‍ പിടിയിലായിട്ടുണ്ട്. ദേശവിരുദ്ധ ശക്തികള്‍ക്കെതിരെ നടക്കുന്ന ഏറ്റവും വലിയ നീക്കമാണിത്. ഭീകര സംഘടനകള്‍ക്ക് പണം നല്‍കല്‍, സംഘാടനം, പരിശീലനം, തീവ്രവാദ സംഘടനകളില്‍ ചേരാന്‍ ആളുകളെ പ്രേരിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ദേശീയ ഏജന്‍സികളുടെ കണ്ടെത്തല്‍.

പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ ദേശീയ സംസ്ഥാന, പ്രദേശിക നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് ഇന്ന് റെയ്ഡ് നടന്നത്. സംസ്ഥാന സമിതി ഓഫീസുകളിലും പരിശോധന നടന്നു. ചൊവ്വാഴ്ച, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ 38 ഇടങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ യുഎപിഎ നിയമപ്രകാരം അറസ്റ്റിലായിരുന്നു.

LatestDaily

Read Previous

കോൺഗ്രസ് അധ്യക്ഷപദം ചരിത്രപരമായ സ്ഥാനമെന്ന് രാഹുൽ ഗാന്ധി

Read Next

കുശാല്‍നഗര്‍ റെയിൽവെ ഗേറ്റ് ഇന്ന് മുതല്‍ 26 വരെ അടച്ചിടും