പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എഫ്‌ഐസിസിഐ ലീഡ്സ് 2022 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ, ഇടപാടുകൾ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും വ്യക്തിഗത വിശദാംശങ്ങൾ പ്രത്യേകം നൽകണം. പൊതു കെവൈസി വരുന്നതോടെ ഈ സമ്പ്രദായം അവസാനിക്കും. സംവിധാനം നിലവിൽ വന്നുകഴിഞ്ഞാൽ, ഒരു തവണ മാത്രം വ്യക്തി വിവരങ്ങൾ നല്‍കിയാല്‍ മതിയാകും. ഈ വിവരങ്ങൾ വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾക്ക് ഉപയോഗിക്കാം.

ഇടപാടുകൾ സുഗമമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സർക്കാർ പൊതു കെവൈസിയെ പരിഗണിക്കുന്നത്. പൊതു കെവൈസി നിലവിൽ വരുന്നതോടെ ഡീമാറ്റ് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ ആരംഭിക്കുന്നതിനുള്ള പേപ്പർ വർക്കുകൾ കുറയും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യുപിഐ ഇടപാടുകൾ പ്രതിദിനം ഒരു ബില്യണായി ഉയർത്തുകയാണ് ലക്ഷ്യമെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. ജൂലൈയിൽ 10.62 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് നടന്നത്.

K editor

Read Previous

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

Read Next

പരാതി നൽകാനെത്തിയപ്പോൾ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു; ട്രാൻസ്ജൻഡറിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി