ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണം: കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ

തിരുവനന്തപുരം: ശൂരനാട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകും. ഉന്നത ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കേരള ബാങ്ക് ചെയർമാൻ അറിയിച്ചു.

ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനാവശ്യ തിടുക്കം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഗോപി കോട്ടമുറിക്കൽ പറഞ്ഞു. കേരള ബാങ്കിന്‍റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കൊല്ലം ശൂരനാട് കേരള ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണ്. റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ അനുസരിച്ചാണ് കേരള ബാങ്ക് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് സർഫാസി നിയമപ്രകാരം നോട്ടീസ് അയയ്ക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാർ അന്നും ഇന്നും സർഫാസി നിയമത്തിന് എതിരാണെന്നും വാസവൻ പറഞ്ഞു.

K editor

Read Previous

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനില്‍ ചര്‍ച്ചയിൽ

Read Next

ദുൽഖർ അതിഗംഭീരം; ‘ചുപ്പ്’ വേറെ ലെവലെന്ന് പ്രേക്ഷകര്‍