ജപ്തി നോട്ടിസിനെ തുടർന്ന് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു: റിപ്പോർട്ട് തേടി മന്ത്രി

തിരുവനന്തപുരം: ജപ്തി നടപടികളെ തുടർന്ന് കൊല്ലം ശൂരനാട് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ മന്ത്രി വി.എൻ വാസവൻ. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പ്രവർത്തിച്ചിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. ബാങ്ക് ക്രൂരത കാട്ടിയെന്ന് നാട്ടുകാർ ആരോപിച്ചു. അഭിരാമിയുടെ അച്ഛൻ വിദേശത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. കുടുംബം വലിയ സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കൊല്ലം ശൂരനാട് തെക്ക് അജി ഭവനിൽ അഭിരാമി (20) ആണ് മരിച്ചത്.

അഭിരാമി കോളേജിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ ജപ്തി നോട്ടീസ് കണ്ട് നോട്ടീസ് മറയ്ക്കാൻ പിതാവിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തൂങ്ങിമരിച്ചത്. ജപ്തിയെക്കുറിച്ച് അന്വേഷിക്കാൻ മാതാപിതാക്കൾ ബാങ്കിൽ പോയപ്പോഴായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ ബാങ്ക് അധികൃതർ എത്തി നോട്ടീസ് പതിച്ചു. കേരള ബാങ്കിന്‍റെ പാതാരം ശാഖയിൽ നിന്ന് എടുത്ത വായ്പ മുടങ്ങിയതിനെ തുടർന്നാണ് നടപടി. ബാങ്ക് അധികൃതർ എത്തുമ്പോൾ അഭിരാമിയുടെ മുത്തച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ചെങ്ങന്നൂർ ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് അഭിരാമി.

K editor

Read Previous

പൊലീസിന് പണം നൽകാൻ മാതാപിതാക്കൾ പെൺമക്കളെ വിൽക്കുന്നു: പ്രജ്ഞാ സിങ്

Read Next

‘ദരിദ്രരായ ഉപഭോക്താക്കൾ പോലും മികച്ച ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ അർഹിക്കുന്നു’