വനിതാ ഡോക്ടറെ മർദ്ദിച്ചു കമ്മാടം റസാക്കിന്റെ പേരിൽ കേസ്സ്

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: ഗർഭാശയ രോഗ വിദഗ്ധ പടന്നക്കാട് സ്വദേശിനി ജമീലയെ മർദ്ദിച്ചുവെന്നതിന് നീലേശ്വരത്തെ കമ്മാടം റസാക്കിന്റെ പേരിൽ ഹോസ്ദുർഗ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു. ഇന്നലെ വൈകുന്നേരം 3-30 മണിക്കാണ് മർദ്ദനം. ഡോ. ജമീലയുടെ പിതാവ് പടന്നക്കാട് താമസിക്കുന്ന ഡോ. ഇബ്രാഹിം കുഞ്ഞിയുടെ വീട്ടിൽ പിതാവിനെ കാണാനെത്തിയ ജമീലയെ കഴുത്തിന് പിടിച്ച് ഞെരുക്കി ”നീ എന്തിനെടീ ഇവിടെ വന്നതെന്ന് ചോദിച്ചാണ്” കമ്മാടം റസാക്ക് മർദ്ദിച്ചത്.

ജമീലയുടെ മുടിക്ക് കുത്തിപ്പിടിച്ച് മർദ്ദിക്കുകയും, ജഗ്ഗ് കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് ജമീലയുടെ പരാതി. ജമീലയുടെ  മാതാവ്  ഷെരീഫ ഇബ്രാഹിമിന്റെ സഹോദരനാണ് കമ്മാടം റസാഖ്. ജമീലയ്ക്ക് അവകാശപ്പെട്ട പടന്നക്കാട് നെഹ്്റു കോളേജിന് മുൻവശത്തുള്ള ഡോക്ടർ ഇബ്രാഹിം കുഞ്ഞിയുടെ ആശുപത്രി കെട്ടിടം നടത്താൻ ജമീല എൻസിപി നേതാവ് രവി കുളങ്ങരയ്ക്ക് കൈമാറിയത് സംബന്ധിച്ച് തർക്കം നിലവിലുണ്ട്.

വീട്ടിൽ വിശ്രമിക്കുന്ന പിതാവ് ഡോ. ഇബ്രാഹിംകുഞ്ഞിയെ കാണാനാണ് ഇപ്പോൾ മംഗളൂരുവിൽ കുടുംബ സമേതം   താമസിക്കുന്ന ഡോ. ജമീല പടന്നക്കാട്ടെ വീട്ടിലെത്തിയത്. മർദ്ദനമേറ്റ ജമീല നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.  ഇന്ത്യൻ ശിക്ഷാ നിയമം 354 (മാനഹാനി), 308 ( നരഹത്യ) തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്സ് രജിസ്റ്റർ ചെയ്തത്.

ഇരു വകുപ്പുകളും കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്തതാണ്. സംഭവത്തിന് ശേഷം പ്രതി കമ്മാടം റസാക്ക് ഒളിവിലാണ്. മകളെ ഭാര്യാസഹോദരൻ കൺമുന്നിൽ  മർദ്ദിക്കുന്നത് കണ്ടിട്ടും പിതാവ് മിണ്ടിയില്ലെന്ന് ഡോ. ജമീല പറഞ്ഞു.

LatestDaily

Read Previous

കേരളത്തിലും വിജയപ്രതീക്ഷയില്‍ ‘കാര്‍ത്തികേയ 2’

Read Next

പറമ്പിക്കുളം ഡാമിന്റെ ഷട്ടര്‍ തനിയെ തുറന്നു; ചാലക്കുടി പുഴയോരത്ത് ജാ​ഗ്രതാ നിർദേശം