സച്ചിനെ വെട്ടാൻ ഗെഹ്ലോട്ട്?; ഇന്ന് രാത്രി 10ന് എംഎൽഎമാരുടെ യോഗം

ജയ്പുർ: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറാണെന്ന റിപ്പോർട്ടുകൾക്കിടെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഇന്ന് രാത്രി 10 മണിക്ക് സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഗെഹ്ലോട്ട് ബുധനാഴ്ച ന്യൂഡൽഹിയിലേക്ക് തിരിക്കും. അതേസമയം, യോഗത്തിന്‍റെ അജണ്ടയെക്കുറിച്ച് എം.എൽ.എമാരെ അറിയിച്ചിട്ടില്ല.

പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടാൽ ഗെഹ്ലോട്ടിന് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വരും. സച്ചിൻ പൈലറ്റ് അവകാശവാദം ഉന്നയിക്കാനുള്ള സാധ്യത കണക്കിലെടുത്ത് തന്‍റെ ഭാഗത്തുനിന്നുള്ള ഒരാളെ മുഖ്യമന്ത്രിയാക്കണമെന്ന് ഗെഹ്ലോട്ട് നിബന്ധന വച്ചിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ലെന്നാണ് വിവരം. അതേസമയം, ഗെഹ്ലോട്ട് എംഎൽഎമാരുടെ യോഗം വിളിച്ചിട്ടുണ്ട്. എന്നാൽ സച്ചിൻ പൈലറ്റ് വേദിയിലില്ലാത്ത സമയത്താണ് യോഗം വിളിച്ചതെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ പറയുന്നു.

വൈസ് പ്രസിഡന്‍റ് ജഗ്ദീപ് ധൻഖർ ഇപ്പോൾ ജയ്പൂരിലാണ്. രാജസ്ഥാൻ നിയമസഭയെ അഭിസംബോധന ചെയ്ത അദ്ദേഹത്തിന്റെ ബഹുമാനാർഥം മുഖ്യമന്ത്രിയുടെ വസതിയിൽ അത്താഴവിരുന്ന് ഒരുക്കുന്നുണ്ട്. കക്ഷിഭേദമന്യേ എല്ലാ എം.എൽ.എമാരും ഇതിൽ പങ്കെടുക്കും. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.

K editor

Read Previous

വാർത്താസമ്മേളനത്തിന് തൊട്ടുമുമ്പ് ഗവർണറെ സന്ദർശിച്ചു; ചീഫ് സെക്രട്ടറിയെ ശകാരിച്ച് മുഖ്യമന്ത്രി

Read Next

കേരളത്തിലും വിജയപ്രതീക്ഷയില്‍ ‘കാര്‍ത്തികേയ 2’