ഭാരത് ജോഡോ യാത്രയ്ക്കായി ദേശീയപാത അടച്ചിടുന്നതിനെതിരെ ഹൈക്കോടതിയിൽ ഹര്‍ജി

കൊച്ചി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് എതിരെ ഹൈക്കോടതിയിൽ ഹർജി. ഭാരത് ജോഡോ യാത്രയെ തുടർന്ന് റോഡുകളിലെ ഗതാഗതം സ്തംഭിക്കുകയാണെന്ന് ആരോപിച്ചാണ് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഹർജിക്കാരൻ ഹൈക്കോടതിയിലെ അഭിഭാഷകനാണ്.

ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന എല്ലാ വഴികളിലും ഗതാഗതക്കുരുക്കുണ്ടെന്നും റോഡ് പൂർണ്ണമായും ജോഡോ യാത്രക്കാർക്കായി വിട്ടു കൊടുക്കുകയാണെന്നും ഹർജിയിൽ പറയുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഭാരത് ജോഡോ യാത്ര ദേശീയപാതയുടെ ഒരുഭാഗത്ത് കൂടി മാത്രമാക്കണമെന്നും മറുഭാഗം ഗതാഗതത്തിനായി തുറന്നു കൊടുക്കാൻ നിര്‍ദേശിക്കണമെന്നും ഹൈക്കോടതിയിലെ ഹര്‍ജിയിൽ ആവശ്യപ്പെടുന്നു.

ഭാരത് ജോഡോ യാത്രയ്ക്കായി പൊലീസ് നൽകുന്ന സുരക്ഷയ്ക്കായി പണം ഈടാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. രാഹുൽ ഗാന്ധി, കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എന്നിവരെയാണ് ഹർജിയിൽ പ്രതിചേർത്തിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി നാളെ കേസ് പരിഗണിക്കും. 

K editor

Read Previous

നായ കുറുകെ ചാടി; കേരളത്തിലെ ആദ്യത്തെ കാറപകടം നടന്നിട്ട് ഇന്ന് 108 വർഷം

Read Next

യുപിൽ കബഡി താരങ്ങൾക്കു ഭക്ഷണം വിളമ്പിയതു ശുചിമുറിയിൽ