ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അതിജീവിതയുടെ ആവശ്യപ്രകാരം ഹർജിയിൽ രഹസ്യവാദം നടക്കുകയാണ്. എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയിൽ നിന്ന് വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റിയതിനെതിരെയാണ് ഹർജി. സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തരുതെന്നാണ് ആവശ്യം.
ജഡ്ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ പറയുന്നു. ഈ മാസമാദ്യം കേസിലെ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചിരുന്നു. അടുത്ത ജനുവരി 31 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ജഡ്ജി ഹണി എം വർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആറുമാസം കൂടിയാണ് സമയം ചോദിച്ചത്. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി അംഗീകരിച്ച് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിച്ചത്. വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് നാലാഴ്ചയ്ക്കകം സമർപ്പിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.