ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ പശ്ചാത്തലത്തിൽ സംഘർഷ സാധ്യത കണക്കിലെടുത്ത് വിഴിഞ്ഞം, കോവളം, ബാലരാമപുരം, തിരുവല്ലം, കാഞ്ഞിരംകുളം, നേമം പോലീസ് സ്റ്റേഷൻ പരിധികളിൽ നാളെ (സെപ്റ്റംബർ 18) മദ്യശാലകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ജെറോം ജോർജ് അറിയിച്ചു. വിഴിഞ്ഞം സമരത്തിന്‍റെ ഭാഗമായി ക്രിസ്ത്യൻ സംഘടനകൾ നടത്തുന്ന ജനബോധന യാത്രയും അതിനെതിരെ പ്രദേശവാസികൾ സംഘടിപ്പിക്കുന്ന ബൈക്ക് റാലിയും ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന വസ്തുത കണക്കിലെടുത്താണ് നിരോധനം ഏർപ്പെടുത്തിയതെന്നും വിജ്ഞാപനത്തിൽ പറയുന്നു.
അതേസമയം വിഴിഞ്ഞം സമരത്തിൽ സർക്കാരിനെതിരെ നിലപാട് കടുപ്പിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപത രംഗത്തെത്തി. സമരത്തിനെതിരെ കേന്ദ്രസേനയെ നിയോഗിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമങ്ങൾക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന് സമരസമിതി ആരോപിച്ചു. പുനരധിവാസത്തിന്‍റെ ഭാഗമായി മുട്ടത്തറയിൽ നിർമ്മിക്കുന്ന ഫ്ലാറ്റുകൾ സ്വീകാര്യമല്ലെന്നും പകരം മത്സ്യത്തൊഴിലാളികൾക്ക് ഭൂമി പതിച്ച് നൽകണമെന്നും സമരസമിതി ആവശ്യപ്പെട്ടു.
പ്രതിഷേധത്തിന്‍റെ ഭാഗമായി മൂലമ്പള്ളിയിൽ നിന്ന് ആരംഭിച്ച ജനബോധന യാത്ര നാളെ വിഴിഞ്ഞത്ത് സമാപിക്കും. യാത്ര രാവിലെ 8 മണിക്ക് അഞ്ചുതെങ്ങിൽ എത്തും. പ്രശാന്ത് ഭൂഷണ്‍ തുറമുഖ വേദിയിലെ സമരവേദിയിൽ എത്തും. 19ആം തീയതി മുതൽ 24 മണിക്കൂർ ഉപവാസ സമരം നടത്താനാണ് തീരുമാനം. 21ന് കൊച്ചി പോർട്ട് കേന്ദ്രീകരിച്ച് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്‍റെ നേതൃത്വത്തിൽ സമരം നടത്തും.