ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി മന്ത്രി പി.രാജീവ്

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി പി.രാജീവ്. പ്രതികരിക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനാവുകയായിരുന്നു. ഭരണഘടനാ സംവിധാനത്തിനകത്ത് നിന്നും അതിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുമാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചാനല്‍ ചര്‍ച്ചകളിലൂടെയല്ല ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം നടത്തേണ്ടതെന്നും മന്ത്രി പറഞ്ഞു.

പുതിയ ആശയങ്ങളോ അല്ലെങ്കില്‍ ഏതെങ്കിലും കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെങ്കിലോ ചാനലുകളിലൂടെയല്ല അത് നടത്തേണ്ടത്. അതിന് അതിന്റേതായ രീതിയുണ്ട്. അത് അദ്ദേഹത്തിനും അറിയുന്ന കാര്യമാണെന്നും അതനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

ചില പ്രതികരണങ്ങള്‍ ഉണ്ടായപ്പോള്‍ അതില്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തത വരുത്തേണ്ട ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നു. അദ്ദേഹം ചെയ്തത് അതാണ്. ബില്ലുകളുടെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടയുള്ള കാര്യങ്ങളില്‍ ഇതല്ല ഗവര്‍ണര്‍ സ്വീകരിക്കേണ്ടിയിരുന്ന രീതിയെന്നും പി. രാജീവ് കൂട്ടിച്ചേര്‍ത്തു.

Read Previous

വിമാനക്കൂലി പ്രധാനമായും വിപണിയെ അടിസ്ഥാനമാക്കിയുള്ളത്, സർവീസ് വർധിപ്പിക്കും: മുരളീധരൻ

Read Next

ഹോൺ ഇനി ആവശ്യത്തിന് മാത്രം; അനാവശ്യ ഹോണിന് 2000 രൂപ പിഴ