ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദില്ലി: ദളിത് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിക്ക് തടവ് ശിക്ഷ. സർവകലാശാലയിലെ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്നാവശ്യപ്പട്ട് പ്രതിഷേധിച്ചതിനാണ് ശിക്ഷ. 2016 നവംബർ 15നായിരുന്നു ഗുജറാത്ത് സർവകലാശാലയുടെ നിയമഭവൻ കെട്ടിടത്തിന് അംബേദ്കറുടെ പേരിടണം എന്ന് ആവശ്യപ്പെട്ട് മേവാനിയടക്കം ഉള്ളവർ ഗുജറാത്ത് യൂണിവേഴ്‌സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ വിജയ് ക്രോസ് റോഡ് ഉപരോധിച്ചത്.
കേസിൽ ആറ് വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. അഹമ്മദാബാദിലെ മോട്രോ പൊളിറ്റൻ കോടതി ആണ് മേവാനിക്ക് ആറ് മാസം തടവുശിക്ഷ വിധിച്ചത്. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് പി എൻ ഗോസ്വാമിയാണ് വിധി പറഞ്ഞിരിക്കുന്നത്. ആറു മാസം തടവിനൊപ്പം 700 രൂപ പിഴയും വിധിച്ചിട്ടുണ്ട്. മേവാനിയെ കൂടാതെ അന്ന് അറസ്റ്റിലായ 18 പേർക്കും കോടതി ശിക്ഷ വിധിച്ചു.
യൂണിവേഴ്സിറ്റിയിൽ നിർമാണത്തിലിരിക്കുന്ന നിയമ ഭവൻ കെട്ടിടത്തിന് ഭരണഘടനാ ശിൽപിയായ അംബേദ്കറുടെ പേര് നൽകണമെന്നും സർവകലാശാലയിൽ അംബേദ്കർ പ്രതിമ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ദലിത് അധികാർ മഞ്ചായിരുന്നു സമരം നടത്തിയത്. മേവാനിയാണ് സമരത്തിന് നേതൃത്വം നൽകിയത്.