13 വർഷത്തെ പ്രയത്നം; ചീറ്റകൾ ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: കരയിലെ ഏറ്റവും വേഗതയേറിയ ജീവികളായ ചീറ്റകൾ ഇന്ന് ഇന്ത്യയിൽ എത്തുമ്പോൾ അത് സാക്ഷാത്കരിക്കുന്നത് 13 വർഷത്തെ സ്വപ്നമാണ്. ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനായി 2009 ലാണ് ‘പ്രോജക്ട് ചീറ്റ’ ആരംഭിച്ചത്. ഏഴുപതിറ്റാണ്ട് മുമ്പാണ് ചീറ്റകൾ ഇന്ത്യയിൽ വംശനാശം നേരിട്ടത്. ബോയിംഗ് 747 കാർഗോ വിമാനത്തിൽ കടുവയുടെ ചിത്രമുള്ള പ്രത്യേക കൂടുകളിലായി എട്ട് ചീറ്റകളാണ് നമീബിയയിലെ വിൻഡ്ഹോക്ക് വിമാനത്താവളത്തിൽ നിന്ന് ഇന്ന് രാവിലെ മധ്യപ്രദേശിലെ ഗ്വാളിയോർ വിമാനത്താവളത്തിൽ എത്തുന്നത്.

തുടർന്ന് ഹെലികോപ്റ്ററുകളിൽ ഇവരെ സംസ്ഥാനത്തെ തന്നെ കുനോ ദേശീയോദ്യാനത്തിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തിന്‍റെ ജൻമദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവരെ ജഖോഡ പുൽമേടുകളിലെ ക്വാറന്‍റൈൻ മുറികളിലേക്ക് വിടും. 6 ആഴ്ചയ്ക്കുള്ളിൽ ആൺമൃഗങ്ങളെയും 4 ആഴ്ചയ്ക്കുള്ളിൽ പെൺമൃഗങ്ങളെയും വിശാലമായ മേട്ടിലേക്കു തുറന്നുവിടും. വന്യജീവി, മൃഗ ആരോഗ്യ വിദഗ്ധർ, നമീബിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ എന്നിവരും വിമാനത്തിലുണ്ട്. 5 വർഷത്തിനുള്ളിൽ 50 ചീറ്റകളെ രാജ്യത്തേക്ക് കൊണ്ടുവരാനാണ് ‘പ്രോജക്ട് ചീറ്റ’ ലക്ഷ്യമിടുന്നത്.

Read Previous

ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ എം.എൽ.എ അറസ്റ്റിൽ

Read Next

രാഹുല്‍ ഗാന്ധി മാതാ അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി