കാസർകോട്ട് 2 കോടിയുടെ ചന്ദനവേട്ട 850 കിലോ ചന്ദനം പിടികൂടി

വിദ്യാനഗർ: കാസർകോട് വിദ്യാനഗറിൽ കോടികൾ വില മതിക്കുന്ന ചന്ദനം പിടികൂടി.
ജില്ലാ കലക്ടറുടെ ക്യാമ്പ് ഹൗസിനും, സബ് ജഡ്ജിന്റെ ക്വാർട്ടേഴ്സിനും
സമീപത്തുള്ള വീട്ടിൽ നിന്നും ചന്ദനമുട്ടികൾ വാഹനത്തിൽ
കയറ്റുന്നതിനിടെയാണ് പിടികൂടിയത്.


ജില്ലാ കലക്ടറുടെ ക്യാമ്പ് ഹൗസിന് സമീപത്തെ അബ്ദുൾ ഖാദർ എന്നയാളുടെ വീട്ടിൽ നിന്നാണ് 2 കോടിയോളം രൂപ വിലമതിക്കുന്ന 853 കിലോ ചന്ദനം വനം വകുപ്പ് പിടിച്ചെടുത്തത്. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ചന്ദനവേട്ട.


ജില്ലാ കലക്ടറുടെ ഗൺമാനും, ഡ്രൈവറും പുലർച്ചെ പ്രഭാത
സവാരിക്കിറങ്ങിയപ്പോഴാണ് സംഭവം നേരിൽക്കണ്ടത്. വീട്ടിനകത്ത് സൂക്ഷിച്ച ചന്ദനം വാഹനങ്ങളിലേക്ക് കയറ്റുന്നതിനിടെ സ്ഥലത്തെത്തിയ ഗൺമാനും ഡ്രൈവറും ഇതേക്കുറിച്ച് ചോദിച്ചപ്പോൾ സ്ഥലത്തുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു.


തുടർന്ന് വിവരം വിദ്യാനഗർ പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം വനം വകുപ്പിനെ
വിവരമറിയിക്കുകയുമായിരുന്നു. ഇതേത്തുടര്ന്ന് സ്ഥലത്തെത്തിയ ജില്ലാ ഫോറസ്റ്റ് ഓഫീസർ അനൂപ്കുമാർ ചന്ദനം കസ്റ്റഡിയിലെടുത്തു.
ലോറികളിൽ പ്രത്യേകം അറയുണ്ടാക്കിയാണ് ചന്ദനം കടത്താൻ ശ്രമിച്ചത്.

ചന്ദന മോഷ്ടാക്കളുടെ 4 വാഹനങ്ങളും വനം വകുപ്പ് പിടിച്ചെടുത്തു. ചന്ദനം കടത്താനുപയോഗിച്ച ലോറി, 3 കാറുകൾ എന്നിവയാണ് പിടിച്ചെടുത്തത്. ചന്ദനം സൂക്ഷിച്ച വീടിന്റെ ഉടമയായ അബ്ദുൾ ഖാദറും, മകനും സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടു. ഇവർക്ക് വേണ്ടി തെരച്ചിൽ ശക്തമമാക്കിയിട്ടുണ്ട്.

ആറോളം പേരടങ്ങുന്ന സംഘം സംഭവ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടതായി ജില്ലാ കലക്ടറുടെ ഗൺമാൻ പോലീസിനെ അറിയിച്ചിരുന്നു. ചന്ദനം സൂക്ഷിച്ച വീട്ടിൽ വനം വകുപ്പ് പരിശോധന നടത്തിയിരുന്നു.


പരിശോധനക്കിടയിൽവീട്ടിനകത്ത് സ്ത്രീകൾ മാത്രമാണുണ്ടായിരുന്നത്. തങ്ങൾക്കൊന്നുമറിയില്ലെന്നാണ് സ്ത്രീകൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ജില്ലാ കലക്ടറുടെ താമസ സ്ഥലത്തിന് തൊട്ടടുത്ത് നിന്നും കോടികളുടെ ചന്ദനമുട്ടികൾ പിടികൂടിയ സംഭവം പോലീസിനെയും, വനം വകുപ്പിനെയും അമ്പരപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണമാരംഭിച്ചു.

LatestDaily

Read Previous

ഹൊസ്ദുർഗ് ഇൻസ്പെക്ടറെ മഞ്ചേശ്വരത്തേക്ക് മാറ്റി

Read Next

കർണ്ണാടക സഹകരണ സൊസൈറ്റി സംശയ നിഴലിൽ