മടിക്കൈയിൽ ജാതിക്കാർഡ് പാർട്ടി നേതൃത്വം വീർപ്പുമുട്ടുന്നു

മടിക്കൈ: കേരളത്തിലെ മോസ്കോ എന്നറിയപ്പെടുന്ന മടിക്കൈ പ്രദേശത്ത്
ജാതിക്കാർഡ് മറ നീക്കി പുറത്തു വന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ മടിക്കൈ ഗ്രാമ പഞ്ചായത്തിന്റെ അധ്യക്ഷ പദവിയിൽ അവരോധിക്കാനുള്ള വനിത ഏതു ജാതിയിൽപ്പെട്ടവരായിരക്കണമെന്നതിനെച്ചൊല്ലിയാണ് മടിക്കൈ പ്രദേശത്ത് വിവിധ ജാതി സംഘടനകൾ പണ്ടെങ്ങുമില്ലാത്ത വിധം ജാതിക്കാർഡുകൾ ഇറക്കിയത്.

മടിക്കൈ പ്രദേശത്ത് ആദ്യം ജാതിക്കാർഡിറക്കുകയും വരാനിരിക്കുന്ന
പഞ്ചായത്ത് അധ്യക്ഷ മണിയാണി വിഭാഗത്തിൽ നിന്നായിരിക്കണമെന്ന്
തീരുമാനിച്ചുകൊണ്ട് ഒരു ജനാധിപത്യ മഹിളാനേതാവും, യുവാവും പഞ്ചായത്ത്
പ്രദേശത്തെ കാലിച്ചാപൊതി കേന്ദ്രമാക്കി പാർട്ടി പ്രവർത്തകരിലിറക്കിയ
മണിയാണി ജാതിക്കാർഡിനെ ഏറ്റുപിടിച്ചാണ് ഇപ്പോൾ തീയ്യ, വാണിയ നായർ,
വിഭാഗങ്ങളിലുൾപ്പെട്ട പാർട്ടി പ്രവർത്തകർ പുതിയ ജാതിക്കാർഡുകളുമായി
വെള്ളിത്തിരയിലെത്തിയത്.

മടിക്കൈ അക്കരയിൽ താമസിക്കുന്ന ആദ്യകാല അധ്യാപകൻ ഗോവിന്ദൻ മാഷിന്റെ
മകളും നായർ വനിതയുമായ സാവിത്രിയെയാണ് മഹിളാ നേതാവും, യുവസഖാവും,
ഗ്രാമപഞ്ചായത്ത് അധ്യക്ഷ പദവിയിൽ ഉയർത്താൻ ആദ്യം തീരുമാനിച്ചത്.
ഗ്രാമ പഞ്ചായത്തിൽ പിൻ വാതിൽ ഭരണം നടത്താനുള്ള മഹിളാ നേതാവിന്റെ
കുബുദ്ധിയാണ് സാവിത്രിയുടെ സ്ഥാനാർത്ഥിത്വമെന്ന
ആരോപണമുയർന്നതിനെത്തുടർന്ന് എതിർപ്പുകൾ ശക്തമായപ്പോൾ, രണ്ടു മാസക്കാലത്തെ മൗനത്തിന് ശേഷം സാവിത്രിയെ ഉപേക്ഷിച്ച പ്രാദേശിക പാർട്ടി നേതൃത്വം
പിന്നീട് കണ്ടെത്തിയ അധ്യക്ഷ സ്ഥാനാർത്ഥി കെ. സുജാതയാണ്.
ജില്ലാ പഞ്ചായത്തിൽ നേരത്തെ അംഗമായിരുന്ന സുജാത ജാതികൊണ്ട് മണിയാണി
വിഭാഗക്കാരിയാണ്.

ജാതിക്കാർഡ് ആരോപണത്തെത്തുടർന്ന് സാവിത്രിയെ മാറ്റി നിർത്തിയ പാർട്ടി
പ്രാദേശിക നേതൃത്വം ഭരണ രംഗത്ത് പരിചയ സമ്പന്നയായ, കെ. സുജാതയെ
അധ്യക്ഷയാക്കാൻ തീരുമാനിച്ചപ്പോൾ, തീയ്യ വിഭാഗം ഒന്നടങ്കം സംഘടിക്കുകയും
സിഡിഎസ് പ്രവർത്തകയായ നൂഞ്ഞി സ്വദേശിനി പ്രസന്നയെ അധ്യക്ഷ പദവിയിലേക്ക്
പരിഗണിക്കണമെന്ന നിർദ്ദേശവുമായി മറ്റൊരു ജാതിക്കാർഡിറക്കുകയും ചെയ്തു.
പ്രസന്ന അൽപ്പം പ്രായോഗിക ബുദ്ധിയുള്ള കൂട്ടത്തിലാണെങ്കിലും,
വിദ്യാസമ്പന്നയല്ലെന്ന് ആരോപിച്ച് ഇപ്പോൾ മണിയാണി വിഭാഗം മറ്റൊരു
തുറുപ്പുഗുലാൻ ജാതിക്കാർഡുമായി രംഗത്തെത്തുകയും ചെയ്തു.

മടിക്കൈയിൽ കാലിച്ചാപൊതി പ്രദേശം മണിയാണിമാരുടെയും, കക്കാട്ട് പുളിക്കാൽ
പ്രദേശങ്ങൾ തീയ്യരുടെയും അടുക്കത്ത്പറമ്പ വാണിയരുടെയും
ആധിപത്യമേഖലകളാണ്. മടിക്കൈയിൽ നിലവിൽ പ്രഖ്യാപിക്കപ്പെട്ട പട്ടിക വിഭാഗം വാർഡിൽ മൽസരിപ്പിക്കാൻ തെയ്യം കലാകരൻ കാലിച്ചാപൊതിയിലെ രാജൻ പണിക്കരുടെ ഭാര്യ ഊർമ്മിളയെ പാർട്ടി കണ്ടെത്തിയപ്പോൾ, തീയ്യരും, മണിയാണിമാരും നായന്മാരും,
വാണിയരും ഒറ്റക്കെട്ടായി ഊർമ്മിളയ്ക്കെതിരെ ജാതിയുടെ മറ്റൊരു തുറുപ്പു ചീട്ട് പുറത്തിറക്കുകയും ചെയ്തു.

കമ്മ്യൂണിസമെന്നാൽ സ്നേഹമാണെന്നാണ് ചരിത്ര പുസ്തകങ്ങളിലുള്ളത്. നവോത്ഥാന
നായകൻമാരായ വിദ്വാൻ പി.കേളുനായരും, രസിക ശിരോമണി കോമൻ നായരും, കൊഴുമ്മൽ മാധവനും (കെ.മാധവൻ), ഏ.സി. കണ്ണൻനായരും അടങ്ങുന്ന നവോത്ഥാന നായകർ തൊട്ടു കൂടായ്മ്മക്കും, തീണ്ടിക്കൂടായ്മ്മയ്ക്കുമെതിരെ അഹോരാത്രം പട പൊരുതിയ മടിക്കൈ നാട്ടിലാണ്, ലോകം സൂപ്പർ സോണിക് യുഗത്തിലെത്തി നിൽക്കുമ്പോൾ, മനുഷ്യർ എന്ന മഹാ ആശയത്തിനപ്പുറം ആർക്കും ഒരിക്കലും നഗ്ന നേത്രങ്ങൾ കൊണ്ടുപോലും കാണാൻ കഴിയാത്ത കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജാതി രാഷ്ട്രീയം പിടിമുറുക്കിയത്.

എല്ലാംകൊണ്ടും വെട്ടിലായത് 1200 അടിയുറച്ച പാർട്ടി അംഗങ്ങളും അത്ര
തന്നെ അനുഭാവികളുമുള്ള മടിക്കൈ പ്രദേശത്തെ നിയന്ത്രിക്കുന്ന സിപിഎം ജില്ലാ നേതൃത്വമാണ്.

LatestDaily

Read Previous

ബാലലൈംഗികത വിറ്റു കാശാക്കുന്നവർ

Read Next

സീറോഡ് പീഡനം: ഭ്രൂണം പിതാവിന്റേത്