കെ. സുരേന്ദ്രന്റെ അധ്യക്ഷ പദവി തെറിച്ചേക്കും

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട്: ബിജെപി കേരള ഘടകം സംഘടനാ നേതൃത്വത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച  സാഹചര്യത്തിൽ കേരളത്തിൽ ബിജെപിയിൽ സംഘടനാതല അഴിച്ചുപണിക്ക് സാധ്യതയേറി. കേരളത്തിലെ സംഘടനാ പ്രവർത്തനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങിയെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

കെ. സുരേന്ദ്രൻ സംസ്ഥാനാധ്യക്ഷനായതിന് ശേഷം ബിജെപിക്ക് സംസ്ഥാനത്ത് കാര്യമായ നേട്ടമൊന്നും  ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ബിജെപിക്ക് കഴിഞ്ഞ നിയമസഭയിലുണ്ടായിരുന്ന ഏക പ്രതിനിധിയെപ്പോലും നിലനിർത്താൻ നേതൃത്വത്തിന് കഴിയാത്തത് സംസ്ഥാന നേതൃത്വത്തിന്റെ കഴിവുകേടാണെന്നാണ് കേന്ദ്ര നേതൃത്വം കരുതുന്നത്.

ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് നിയോജക മണ്ഡലങ്ങളിൽ നിന്നും ജനവിധി തേടിയ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ രണ്ടിടത്തും ദയനീയമായി പരാജയപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ആരോപണങ്ങളും കെ. സുരേന്ദ്രന്റെ പ്രസിഡണ്ട്  പദവിക്ക് ഭീഷണിയായെന്നും വിലയിരുത്തപ്പെടുന്നു. മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കെ. സുരേന്ദ്രൻ നിയമ നടപടി നേരിടുകയാണ്. ഇതിന് പുറമെ തെരഞ്ഞെടുപ്പ് ഫണ്ട് അഴിമതിക്കേസ്സിലും കെ. സുരേന്ദ്രൻ പ്രതിയാണ്.

കെ. സുരേന്ദ്രനെതിരെ ഉയരുന്ന ആരോപണങ്ങൾ സംസ്ഥാന ബിജെപി നേതൃത്വത്തെ നാണക്കേടിലാക്കിയെന്നാണ് പാർട്ടിയിലെ സുരേന്ദ്ര വിരുദ്ധ പക്ഷത്തിന്റെ ആരോപണം. കെ. സുരേന്ദ്രനും കേന്ദ്രമന്ത്രി കെ. വി. മുരളീധരനുമടങ്ങുന്ന ഗ്രൂപ്പും പി. കെ. കൃഷ്ണദാസും ശോഭനാ സുരേന്ദ്രനുമടങ്ങുന്ന എതിർഗ്രൂപ്പും തമ്മിലാണ് പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം നടക്കുന്നത്.

കേന്ദ്രമന്ത്രി അമിത്ഷാ നടത്തിയ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ ആഹ്വാനം നൽകിയിരുന്നു. പാർട്ടി വളർത്താൻ ബലിദാനികളെ സൃഷ്ടിച്ചാലും കുഴപ്പമില്ലെന്ന ധ്വനിയിൽ അദ്ദേഹം നടത്തിയ പ്രസംഗം വിവാദം സൃഷ്ടിച്ചിരുന്നു. നിലവിലുള്ള സംഘടനാ സംവിധാനമുപയോഗിച്ച് കേരളത്തിൽ വേരുറപ്പിക്കാനാവില്ലെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തിരിച്ചറിവാണ്  പ്രധാനമന്ത്രിയുടെ രൂക്ഷമായ പ്രതികരണത്തിന് പിന്നിലുള്ളത്.

ചാഞ്ചാടി നിൽക്കുന്ന കോൺഗ്രസ് വനിതാ നേതാക്കളെയും പുരുഷ നേതാക്കളെയും ബിജെപിയിലേക്കാകർഷിക്കാൻ ബിജെപി വിപുലമായ പദ്ധതികൾ ആവിഷ്ക്കരിക്കുന്നുണ്ട്. പദവികളും സ്ഥാനമാനങ്ങളും നൽകി പ്രലോഭിപ്പിച്ചാണ് ഇത്തരക്കാരെ ബിജെപിയിലേക്ക് ആകർഷിക്കുന്നത്. പുതിയ നീക്കങ്ങൾക്ക് പുറമെ നിലവിൽ സംസ്ഥാനാദ്ധ്യക്ഷൻ കെ. സുരേന്ദ്രനെ തൽസ്ഥാനത്ത് നിന്നും നീക്കി മറ്റൊരാളെ പ്രതിഷ്ഠിക്കാനുള്ള നീക്കവും നടന്നുവരുന്നു.

നരേന്ദ്രമോദിയുമായി ഏറ്റവും അടുപ്പമുള്ള നടൻ സുരേഷ്ഗോപിയെ സംസ്ഥാനാധ്യക്ഷനാക്കി പുതിയ സംസ്ഥാന ഘടകം രൂപീകരിക്കാനും കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുണ്ട്. രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയിൽ  കെ. സുരേന്ദ്രന്റെ മകന് അനധികൃത നിയമനം ലഭിച്ചെന്ന ആരോപണവും സംസ്ഥാനത്ത് കത്തിക്കയറുന്നുണ്ട്.

പെരിയ കേന്ദ്ര സർവ്വകലാശാലയിൽ അടുത്ത കാലത്ത് നടന്ന നിയമനങ്ങളിൽ പലതിലും അഴിമതി നടന്നുവെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. കേന്ദ്ര സർവകലാശാലാ നിയമന അഴിമതിക്ക് പിന്നിലും കെ. സുരേന്ദ്രനാണെന്ന് ഇടതു രാഷ്ട്രീയ സംഘടനകൾ ആക്ഷേപമുന്നയിച്ചിട്ടുണ്ട്. തുടർച്ചയായി അഴിമതിയാരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന കെ. സുരേന്ദ്രനെ മാറ്റി സുരേഷ്ഗോപിയെ സംസ്ഥാനാധ്യക്ഷനായി നരേന്ദ്രമോദി പ്രഖ്യാപിക്കുമോയെന്ന് കണ്ടറിയണം.

LatestDaily

Read Previous

മൈജിക്ക് എതിരെ നിയമ നടപടി : ഉപാദ്ധ്യക്ഷൻ

Read Next

ബൈക്ക് യാത്രികന്റെ മരണകാരണം പ്രമേഹം; കോടതിയില്‍ ന്യായീകരണവുമായി സര്‍ക്കാർ