ബലാത്സംഗക്കേസ്സിൽ പിതാവിന് ജാമ്യം അനുവദിക്കരുതെന്ന് മകൾ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: സ്വന്തം പിതാവിൽ നിന്ന് മകൾ ഗർഭം ധരിച്ച പ്രമാദമായ കേസ്സിൽ 5 മാസക്കാലമായി ജയിലിൽക്കഴിയുന്ന പിതാവിന്   ഒരു കാരണത്താലും ജാമ്യം അനുവദിക്കരുതെന്ന് ഇരയായ മകൾ കോടതിയോട് രേഖാമൂലം അപേക്ഷിച്ചു. പത്താംതരത്തിൽ പഠിക്കുമ്പോൾ സ്വന്തം പിതാവ് നിരന്തരം ഭീഷണിപ്പെടുത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കുകയും, പിന്നീട് പോലീസ് തക്കസമയത്ത് ഇടപെട്ട് ഗർഭഛിദ്രം നടത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും  ചെയ്ത പോക്സോ കേസ്സിലാണ് പ്രതിയായ പിതാവിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും ലൈംഗിക പീഡനത്തിനുമിരയായ പെൺകുട്ടിയും ഒരു പോലെ എതിർത്തത്.

കാഞ്ഞങ്ങാട് നഗരസഭാ പ്രദേശത്ത് നടന്ന ഈ ബലാത്സംഗക്കേസ്സിൽ ജയിലിൽക്കഴിയുന്ന പിതാവിന്റെ  ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ദിവസമാണ് പ്രതിയുടെ അഭിഭാഷകൻ ഹൊസ്ദുർഗ് പോക്സോ കോടതിയിൽ ഫയൽ ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണനയ്ക്കെടുത്ത അവസരത്തിൽ കോടതി ഇരയുടെ ഭാഗം കൂടി കേൾക്കാൻ താൽപ്പര്യമെടുക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഇരയുടെ  രേഖാ മൂലമുള്ള  വിസമ്മതം കേസ്സന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിലെത്തിച്ചത്.

വിദ്യാർത്ഥിനിയായ ഇരയ്ക്ക് പുറമെ സർക്കാർ അഭിഭാഷകയും പ്രതിയുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്തതിനാൽ, ജാമ്യാപേക്ഷ പോക്സോ കോടതി തള്ളിക്കളഞ്ഞു. കേസ്സിൽ നാൽപ്പത്തിയാറുകാരനായ പ്രതിക്ക് എതിരെയുള്ള കുറ്റപത്രം ഹൊസ്ദുർഗ് പോലീസ്സിൽ ഒരുങ്ങി വരികയാണ്. കുറ്റപത്രം  കോടതിയിലെത്തിയാൽ കേസ്സിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിക്കുന്നതു വരെ പ്രതിക്ക് ജാമ്യം ലഭിക്കില്ല. ശിക്ഷ പ്രഖ്യാപിച്ചാൽ പ്രതിയെ ശിക്ഷാ കാലാവധി വരെ ജയിലിലടക്കുകയാണ് അടുത്ത നടപടി.

സ്വന്തം മകളെ ഒമ്പതാംതരം മുതൽ നിരന്തരം ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും, ഗർഭിണിയാണെന്നറിഞ്ഞപ്പോൾ, പെൺകുട്ടിയുടെ മാതാവ് പോലുമറിയാതെ ഗർഭഛിദ്രം നടത്താൻ പെൺകുട്ടിയെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയി ലെത്തിക്കുകയും വിവരം ലഭിച്ച് പോലീസ് മംഗളൂരുവിലെത്തി നിയമവിരുദ്ധ ഗർഭഛിദ്രം തടയുകയും, പിന്നീട് പരിയാരം മെഡിക്കൽ കോളേജിൽ നിയമാനുസൃത ഗർഭഛിദ്രം നടത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്ത പ്രമാദമായ ഈ കേസ്സിൽ പ്രതിയായ നാൽപ്പത്തിയാറുകാരനായ പിതാവിന് കടുത്ത ശിക്ഷ ലഭിക്കാനിടയുണ്ട്. പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ അതും സ്വന്തം മകളെ, ബലാത്സംഗം ചെയ്യൽ, ഗർഭിണിയാക്കൽ, ഗർഭഛിദ്രത്തിനുള്ള ഗൂഢനീക്കം നടത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ കുറ്റപത്രത്തിൽ  ചുമത്തിയിട്ടുള്ളത്.

LatestDaily

Read Previous

യുഎഇ 3 മാസത്തെ ഉച്ചവിശ്രമ നിയമം പിൻവലിച്ചു

Read Next

പട്ടികളുടെ കടി കൊള്ളണമെന്ന് ഒരു പട്ടി സ്‌നേഹിയും പറഞ്ഞിട്ടില്ലെന്ന് മൃദുല