കരാറുകാരൻ മുങ്ങി; നാലരക്കോടിയുടെ 4 നില ഒപി കെട്ടിടം അനിശ്ചിതത്വത്തിൽ

കാഞ്ഞങ്ങാട്: കരാറുകാരന്റെയും ജില്ലാ പഞ്ചായത്തിന്റെയും അനാസ്ഥമൂലം നാലരക്കോടി രൂപ ചിലവിൽ ജില്ലാ ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ നാലരക്കോടി രൂപയുടെ നാല് നില കെട്ടിടം ഉദ്ഘാടനം കാത്തുകിടക്കുന്നു.

പരിമിതികളാലും കോവിഡ് രോഗികളുടെ ബാഹുല്യം മൂലവും ജില്ലാശുപത്രി വീർപ്പുമുട്ടുമ്പോഴാണ്, എല്ലാ സൗകര്യങ്ങളോടെയും നിർമ്മാണം പൂർത്തിയാക്കിയ കെട്ടിട സമുച്ചയം ജില്ലാശുപത്രി പരിസരത്ത് പൊതുജനങ്ങൾ നോക്കി പരിഹസിക്കുന്നത്.
ഈ കെട്ടിടത്തിലിപ്പോൾ ആകെ ബാക്കിയുള്ള ജോലി വൈദ്യുതി സ്വിച്ച് ബോർഡുകൾ സ്ഥാപിക്കുകയെന്നുള്ളതാണ്. ഈ ജോലി ഒരാഴ്ച കൊണ്ട് തീർത്ത് എപ്പോൾ വേണമെങ്കിലും, പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാമെന്നിരിക്കെ നിസാര കാരണത്താൽ, കെട്ടിടം ഉദ്ഘാടനം നീട്ടിക്കൊണ്ട് പോവുകയാണ്.

എറണാകുളം കേന്ദ്രീകരിച്ചുള്ള കമ്പനി 45 ലക്ഷത്തോളം വയറിംഗ് കരാർ ഏറ്റെടുത്തത്. എറണാകുളം കമ്പനി, കരാർ കോഴിക്കോട്ടുള്ള മറ്റൊരു ഏജൻസിക്ക് മറിച്ചു നൽകുകയായിരുന്നു. ഇവരാണ് 99 ശതമാനം വൈദ്യൂതികരണ ജോലികളും പൂർത്തിയാക്കിയത്. സ്വിച്ച് ബോർഡ് ഘടിപ്പിക്കുന്നതൊഴികെയുള്ള നിർമ്മാണ പ്രവൃത്തികൾ മുഴുവൻ പൂർത്തിയായിട്ട് മാസം 6 കഴിഞ്ഞു. കോവിഡ് വ്യാപനം രൂക്ഷമായതോടെ സ്ഥലം വിട്ട കരാറുകാരൻ പിന്നീട് കാഞ്ഞങ്ങാട്ടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ നിരവധി തവണ കരാറുകാരുമായി ബന്ധപ്പെട്ടിട്ടും, ജോലി പൂർത്തിയാക്കാൻ ഇവർ തയ്യാറായില്ല. കോവിഡ് ഭയം മൂലം തൊഴിലാളികൾ ജോലിക്കെത്തുന്നില്ലെന്ന തൊടുന്യായമാണ് കരാറുകാരൻ മുന്നോട്ടുവെച്ചത്.

നാലുനിലക്കെട്ടിടത്തിൽ ജോലി ചെയ്യുന്ന ഇലക്ട്രീഷ്യൻമാർക്ക് കോവിഡ് രോഗം പടർന്നുപിടിക്കാൻ സാധ്യത തീരെയില്ലെന്നിരിക്കെയാണ് കരാറുകാരുടെ നിരുത്തരവാദപരമായ സമീപനം.

വൈദ്യുതീകരണ ജോലി പൂർത്തിയാക്കി നൽകേണ്ട ജില്ലാ പഞ്ചായത്ത് നൽകിയ സമയപരിധി അവസാനിച്ച് മാസങ്ങളായിട്ടും, കരാറുകാർക്ക് കുലുക്കമില്ല.
ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റാതെ, പുതിയ നാലുനില കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റിയെടുക്കാമെന്നിരിക്കെ, ഗുരുതരമായ കോവിഡ് പ്രതിസന്ധിക്കിടയിലും കരാറുകാരുടെ നടപടിക്കെതിരെ ആരോഗ്യവകുപ്പോ, ജില്ലാ പഞ്ചായത്തോ നിയമ നടപടികൾക്ക് മുതിർന്നിട്ടുമില്ല.
എൻഡോസൾഫാൻ പാക്കേജിൽപ്പെടുത്തിയാണ് പ്രസ്തുത കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

LatestDaily

Read Previous

എസ്ബിഐ ഹൊസ്ദുർഗ് ശാഖയിൽ സാധാരണ ബാങ്കിംഗ് സേവനങ്ങൾ നിർത്തി

Read Next

മത്സ്യവില കുത്തനെ ഇടിഞ്ഞു; പിടയ്ക്കുന്ന മീനെത്തി