ക്രിപ്റ്റോ കറൻസി തട്ടിപ്പ്: കമ്പനി എംഡിക്കെതിരെ മലപ്പുറത്ത് കേസ്

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ നിരവധി പേരെ ക്രിപ്റ്റോ കറൻസി തട്ടിപ്പിനിരയാക്കിയ മലപ്പുറം സ്വദേശി നിഷാദ് കളിയിടുക്കിലിനെതിരെ 36, മലപ്പുറം ജില്ലയിലെ പൂക്കോട്ടുപാടം പോലീസ് കേസെടുത്തു.
മലപ്പുറം ജില്ലാ പോലീസ് മേധാവി യു. അബ്ദുൾ കരീമിന്റെ നിർദ്ദേശ പ്രകാരമാണ് പൂക്കോട്ടുപാടം പോലീസ് സ്വമേധയാ കേസെടുത്തത്.

കഴിഞ്ഞ ദിവസം പൂക്കോട്ടുപാടം പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ നിഷാദിന്റെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്.
ലോങ്ങ്റിച്ച് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയായി അറിയപ്പെടുന്ന നിഷാദിനെതിരെ പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ ആക്ട് പ്രകാരമാണ് കേസെടുത്തത്.

നിഷാദിന്റെ തോട്ടക്കരയിലെ വീട്ടിൽ റെയ്ഡ് നടത്തിയാണ് രേഖകൾ പിടിച്ചെടുത്തത്.
6 മാസം മുമ്പാണ് കാസർകോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ നിഷാദിന്റെ മോറിസ് കോയിൻ എന്ന് ക്രിപ്റ്റോ കറൻസി ഇടപാടിൽ ചേർന്നത്.
നിക്ഷേപിക്കുന്ന പണം 80 ദിവസം കൊണ്ട് ഇരട്ടിയാക്കാമെന്ന വാഗ്ദാനത്തിലാണ് ഇയാൾ കാസർകോട് ജില്ലയിൽ ഇരകളെ വീഴ്ത്തിയത്.
15,000 രൂപയും അതിന്റെ ഗുണിതങ്ങളുമായാണ് നിക്ഷേപം സ്വീകരിച്ചത്.
രണ്ടാഴ്ച മുമ്പ് വരെ ഇടപാടുകാർക്ക് ലാഭവിഹിതം ലഭിച്ചിരുന്നെങ്കിലും, പിന്നീട് കിട്ടാതായി.

കീഴൂർ, മേൽപ്പറമ്പ്, കട്ടക്കാൽ, തളങ്കര തുടങ്ങി ജില്ലയിലെ വിവധ പ്രദേശങ്ങളിൽ നിന്നായി ആയിരത്തോളം പേർ തട്ടിപ്പിനിരയായിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്.
തട്ടിപ്പ് കമ്പനിയുടെ എംഡിയെന്ന് അവകാശപ്പെടുന്ന നിഷാദിനെ ഇവർക്കാർക്കും നേരിട്ട് പരിചയമില്ല.

യൂട്യൂബ് വഴിയാണ് നിഷാദ് ഇടപാടുകാർക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നത്.
വിവിധ ജില്ലകളിൽ നിന്നായി നിഷാദ് കോടിക്കണക്കിന് രൂപ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
യുവാവിനെതിരെ പോലീസ് കേസെടുത്തതിനെത്തുടർന്ന് ഇടപാടുകാരോട് പേടിക്കെണ്ടെന്ന നിർദ്ദേശവും യൂട്യൂബ് സന്ദേശം വഴി നൽകിയിട്ടുണ്ട്.
ജില്ലയിൽ നടന്ന ക്രിപ്റ്റോ കറൻസി തട്ടിപ്പിനെതിരെ കീഴൂരിലെ സാമൂഹ്യ പ്രവർത്തകൻ കെ.എസ്. സാലിയാണ് മുഖ്യമന്ത്രിക്ക് ഇ. മെയിൽ വഴി പരാതി അയച്ചത്.

LatestDaily

Read Previous

ജീവനൊടുക്കിയ അശ്്വിത കടുത്ത ഏകാന്തതയുടെ രക്തസാക്ഷി

Read Next

എസ്ബിഐ ഹൊസ്ദുർഗ് ശാഖയിൽ സാധാരണ ബാങ്കിംഗ് സേവനങ്ങൾ നിർത്തി