32,500 രൂപയുടെ ഏസിക്ക് മൈജി 35,000 വാങ്ങി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : ഇലക്ട്രോണിക്സ് പൊതുവിപണിയിൽ  ഏറ്റവും കൂടിയാൽ 32,500 രൂപ വിലയുള്ള എയർ കണ്ടീഷണറിന് മൈജി സ്ഥാപനം 35000 രൂപ വാങ്ങി തന്നെ വഞ്ചിച്ചുവെന്ന് കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽട്ടെക് അബ്ദുല്ല ആരോപിച്ചു.

തന്റെ ഭാര്യാ സഹോദരി ബേക്കൽ മവ്വൽ സ്വദേശിനി. റസിയയ്ക്ക് വേണ്ടി സപ്തംബർ 11-നാണ് കാഞ്ഞങ്ങാട് തെക്കേപ്പുറത്തുള്ള പുതിയ മൈജി ഷോറൂമിൽ നിന്ന് ഏഎംഎൽജിയുടെ ഒന്നര ടൺ ത്രീസ്റ്റാർ ഇൻവെർട്ടർ എയർ കണ്ടീഷണർ വാങ്ങിയത്. ഏറ്റവും കുറഞ്ഞ വിലയാണ് ഇൗടാക്കുന്നതെന്ന് വിശ്വസിപ്പിച്ചാണ് തന്നിൽ നിന്ന് ഇൗ ഏസിക്ക് 34,900 രൂപ ഇൗടാക്കി ജിഎസ്ടി അടക്കമുള്ള ബില്ലും തന്നത്.

ഏസി വീട്ടിലെത്തിച്ച് ഫിറ്റ് ചെയ്തതിന് ശേഷം കാഞ്ഞങ്ങാട്ടെ മറ്റു രണ്ട് പ്രധാന ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിൽ ഇതേ ഏസിയുടെ വില അന്വേഷിച്ചപ്പോൾ 32,500 രൂപയ്ക്ക് തരാമെന്ന് കടയുടമകൾ ഉറപ്പുതന്നുവെന്ന് നഗരസഭാ ഉപാധ്യക്ഷൻ അബ്ദുല്ല പറഞ്ഞു. ഒരു എയർ കണ്ടീഷണറിന്റെ പുറത്ത് 1500 രൂപയാണ് മൈജി  സ്ഥാപനം അമിതവില ഇൗടാക്കി വഞ്ചിച്ചതെന്നും, അദ്ദേഹം പറഞ്ഞു. മൈജിയിൽ നിന്ന് ഏസിക്ക് തന്ന ബില്ലും, ഇതര സ്ഥാപനങ്ങളിൽ നിന്ന് ഇതേ ഏസിക്ക് വാങ്ങിയ ക്വട്ടേഷനും തന്റെ കൈയ്യിലുണ്ട്.

മൈജി സ്ഥാപനത്തിന്റെ കഴുത്തറുപ്പിന് എതിരെ ഉപഭോക്തൃ ഫോറത്തിൽ നിയമ നടപടികൾ സ്വീകരിക്കുമെന്നും, നഗരസഭയുടെ ഉപാധ്യക്ഷനെ തന്നെ ഇങ്ങനെ അമിത വില ഇൗടാക്കി വഞ്ചിച്ചപ്പോൾ, സാധാരണക്കാരും ഇടത്തരക്കാരുമായ ഉപഭോക്താക്കളെ ഇൗ സ്ഥാപനം എത്രമാത്രം വഞ്ചിക്കുമെന്ന് ബിൽട്ടെക് അബ്ദുല്ല ചോദിച്ചു.

LatestDaily

Read Previous

പാർട്ടി വിടുന്നവർ 2 തരക്കാർ; ഹി‌മന്ത ബിശ്വ രണ്ടാമത്തെ വിഭാഗത്തിലെന്ന് ജയറാം രമേശ്

Read Next

കണ്ണൂർ കോർപ്പറേഷൻ കൗൺസിലറായ കോൺഗ്രസ് നേതാവിന് അറസ്റ്റ് വാറന്റ്