മോഷ്ടിച്ച സ്ക്കൂട്ടറിലെത്തിയ നവാസ് അതിഞ്ഞാൽ വീട്ടിൽ കവർച്ചയ്ക്ക് ശ്രമിച്ചു കുടുക്കിയത് സി. സി. ടി. വി ദൃശ്യം

കാഞ്ഞങ്ങാട് :കഴിഞ്ഞ രണ്ടാഴ്ചയായി പോലീസിനെ വെള്ളം കുടിപ്പിച്ച തെക്കിൽ പാദൂർ മഠത്തിൽ നവാസെന്ന മുപ്പത്തി മൂന്നുകാരനെ കുടുക്കിയത് സി. സി. ടി. വി ദൃശ്യം.


ബേക്കലത്തിൽ നിന്നും സ്ക്കൂട്ടർ മോഷ്ടിച്ച നവാസ്, മോഷ്ടിച്ച സ്ക്കൂട്ടറിൽ നേരെയെത്തിയത് അതിഞ്ഞാലിൽ. ഇവിടെ ഒരു വീട്ടിൽ കയറിയ നവാസ്, കവർച്ചയ്ക്ക് ശ്രമം നടത്തി. പണം മോഷ്ടിക്കുന്ന ദൃശ്യം വീട്ടിലെ സി. സി. ടി. വി ക്യാമറയിൽ കണ്ട, വീട്ടുകാർ വിവരം ഹൊസ്ദുർഗ് എസ്.ഐ, കെ. പി. വിനോദ് കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തി.


ക്യാമറയിൽ പതിഞ്ഞ ദൃശ്യം നവാസിന്റേതാണെന്ന് വ്യക്തമായി കണ്ട പോലീസ് പ്രതിക്കായി വലവിരിച്ചു. എല്ലാ പോലീസ് സ്റ്റേഷനുകളിലും വിവരം നൽകി നീലേശ്വരം എസ്. ഐ, കെ. പി സതീഷും സംഘവും പ്രതിയെ ഇന്ന് റോഡിൽ കുടുക്കുകയായിരുന്നു.


പനയാൽ കളിങ്ങോത്തെ ബഷീറിന്റെ സ്ക്കൂട്ടി വീടിന് സമീപത്തു നിന്നും ഇന്നലെ പട്ടാപ്പകൽ മോഷ്ടിച്ച് ഈ സ്ക്കൂട്ടിയിൽ സഞ്ചരിക്കവെയാണ് നവാസ് പിടിയിലായത്. കാഞ്ഞങ്ങാട് പരിസരത്ത് നിന്നുമാത്രമായി കഴിഞ്ഞ രണ്ടാഴ്ചക്കിടെ പത്തിലേറെ ബൈക്കുകളാണ് പട്ടാപ്പകൽ മോഷണം പോയത്. മോഷണ ദൃശ്യങ്ങളെല്ലാം സി. സി. ടി. വിയിൽ പതിയുമ്പോഴും, ബൈക്ക് മോഷ്ടിച്ച ശേഷം അത് മറ്റൊരിടത്ത് ഉപേക്ഷിക്കുകയും അവിടെ നിന്നും മറ്റൊരു സ്ക്കൂട്ടറോ, ബൈക്കുമായോ കടന്നു കളയുകയും ചെയ്യുന്നത് നവാസ് തുടർന്നു കൊണ്ടേയിരുന്നു.


പോലീസിന്റെ മൂക്കിന് താഴെ പോലും പട്ടാപ്പകൽ ഇരു ചക്രവാഹന മോഷണം പതിവായതോടെ മോഷ്ടാവിനെ എങ്ങനെയും പിടികൂടുകയെന്ന ലക്ഷ്യവുമായി പോലീസും ഉണർന്നിരുന്നു. ഇതിനിടയിലാണ് ബൈക്ക് മോഷ്ടാവ് വീട് കയറി കവർച്ചക്കായി അതിഞ്ഞാലിലെത്തിയ, ദൃശ്യം ക്യാമറയിൽ പതിഞ്ഞത്. ബൈക്ക് മോഷണം മാത്രം ഹരമാക്കിയ മോഷ്ടാവ്, വീട്ടിൽ മോഷണത്തിനെത്തിയതാണ് പ്രതിയെ കുടുക്കിയത്. കാഞ്ഞങ്ങാട്, ബേക്കൽ, കാസർകോട്, തളങ്കര ഭാഗങ്ങളിൽ നിന്നുമായി 20 ഒാളം ഇരു ചക്രവാഹനങ്ങളാണ് അടുത്ത കാലത്തായി മോഷണം പോയത്. മിക്ക മോഷണത്തിന് പിന്നിലും നവാസാണെന്നാണ് പോലീസ് നിഗമനം.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തെളിവെടുപ്പ് അനിശ്ചിതത്വത്തിൽ

Read Next

ജ്വല്ലറി തട്ടിപ്പിന് പിറകെ ക്രിപ്റ്റോ തട്ടിപ്പും: വഞ്ചിക്കപ്പെട്ടത് നൂറോളം പേർ