യുവതി മക്കളെയുപേക്ഷിച്ച് വീടുവിട്ട സംഭവം പോലീസ് നിസ്സാരമാക്കി

പയ്യന്നൂര്‍ : പ്രായപൂര്‍ത്തിയെത്താത്ത പെൺ മക്കളെയുപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട യുവതിക്കെതിരെ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുക്കാത്തത് നിയമ വിദഗ്ധരിലും പൊതു സമൂഹത്തിലും ചര്‍ച്ചയായി. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപെണ്‍മക്കളെയും ഭര്‍ത്താവിനേയുമുപേക്ഷിച്ച് കോഴിക്കോട്ടെ ലോറി ഡ്രൈവര്‍ക്കൊപ്പം മുങ്ങിയ പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ മുപ്പത്താറുകാരിയെയാണ് യാതൊരു തടസവുമില്ലാതെ കാമുകനോടൊപ്പം പോകുന്നതിന് പോലീസ് വഴിയൊരുക്കിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയാണ് വീട്ടിൽ കത്തെഴുതിവെച്ച് പ്രായപൂർത്തിയെത്താത്ത പെണ്‍മക്കളെയുപേക്ഷിച്ച് യുവതി വീടു വിട്ടത്. പോലീസ് കണ്ടെത്തുന്നതിന് മുമ്പേ യുവതി കോഴിക്കോട്ടുകാരനായ കാമുകനെ ക്ഷേത്രത്തിൽ വിവാഹം കഴിക്കുകയും കാമുകന്റെ ബന്ധുക്കള്‍ക്കൊപ്പം താമസിക്കുകയുമായിരുന്നു.

കാണാനില്ലെന്ന പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ കോഴിക്കോട് കാക്കൂരിലെ വാടക വീട്ടില്‍ കണ്ടെത്തിയ യുവതിയെ ഇന്നലെ പരിയാരം പോലീസ് പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയിരുന്നു.കോഴിക്കോടുനിന്നുള്ള അഭിഭാഷകനൊപ്പമാണ് യുവതിയെത്തിയത്.

കോടതി യുവതിയെ സ്വന്തം ഇഷ്ടാനുസരണം വിട്ടയക്കുകയായിരുന്നു. പ്രായ പൂര്‍ത്തിയെത്താത്ത മക്കളെ സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ ഉത്തരവാദിത്വത്തില്‍നിന്നും  ഒളിച്ചോടുന്ന പ്രവണത അവസാനിപ്പിക്കുന്നതിനും കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനുമായി നടപ്പാക്കുന്ന ജുവനൈല്‍ ആക്ട് പ്രകാരമുള്ള നടപടികള്‍ യുവതിക്കെതിരെ പോലീസ് സ്വീകരിക്കാത്തതാണ് പ്രധാന കാരണം.

പയ്യന്നൂരിലും, കണ്ണൂരിലും,കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്‌റ്റേഷനുകളിലുമായി മുമ്പ് ഇത്തരത്തില്‍ ഒളിച്ചോടുന്ന അമ്മമാര്‍ക്കെതിരെ പോലീസ് നടപടിയെടുത്തിരുന്നു. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 21-ന് പയ്യന്നൂർപോലീസിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോടതി ഉത്തരവിൽ മക്കളെ ഉപേക്ഷിച്ചു നാട്ടുവിട്ട കമിതാക്കൾ നാല്‍പ്പതു ദിവസത്തോളം  ജയിലില്‍ കിടന്ന സംഭവവുമുണ്ടായിരുന്നു.

ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയെത്താത്ത മക്കളെയുപേക്ഷിച്ചുള്ള ഒളിച്ചോട്ടത്തിന് മേൽക്കോടതി നിർദ്ദേശ പ്രകാരം കുറെയൊക്കെ തടയിടുന്നതിനും കഴിഞ്ഞിരുന്നു.   കുട്ടികളുടെ സംരക്ഷണവും ക്ഷേമവും ആരോഗ്യവും സുരക്ഷിതമാക്കാനുള്ള നിയമം കര്‍ശ്ശനമായി പാലിക്കാന്‍ ചുമതലപ്പെട്ടവര്‍ കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയിരിക്കുന്നുവെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

എൻസിപിയിൽ ഉരുൾപൊട്ടി

Read Next

പേവിഷ ബാധയേറ്റെന്ന് സംശയം; പശുവിനെ കൊല്ലാന്‍ ദയാവധത്തിന് അനുമതി തേടി