എൻസിപിയിൽ ഉരുൾപൊട്ടി

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നാഷണലിസ്റ്റ് കോൺഗ്രസിൽ (എൻസിപി) കാസർകോട് ജില്ലയിൽ ഉരുൾപൊട്ടിയതിനെത്തുടർന്ന്  പാർട്ടി ഛിന്നഭിന്നമായി. ജില്ലാ പ്രസിഡണ്ടായിരുന്ന ചെറുവത്തൂർ ആനിക്കാടിയിലെ രവികുളങ്ങരയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നരവർഷക്കാലത്തിനിടയിൽ പാർട്ടി ജില്ലയിൽ ഒരുവിധം പച്ചപിടിച്ചുവരുന്നതിനിടയിലാണ് രവിയെ കരീം ചന്തേരയുടെ നേതൃത്വത്തിൽ ഒരു വിഭാഗം അട്ടിമറി തിരഞ്ഞെടുപ്പിലൂടെ സ്ഥാന ഭ്രഷ്ടനാക്കിയത്.

കാസർകോടിന്റെ ചുമതലയുള്ള സംസ്ഥാന ജനറൽ സിക്രട്ടറി അഡ്വ. സുരേഷ് ബാബു ഇൗ അട്ടിമറിക്ക് കരീം ചന്തേരയ്ക്കൊപ്പം കൂട്ടുനിന്നുവെന്നാണ് രവികുളങ്ങര വിഭാഗത്തിന്റെ മുഖ്യ ആരോപണം. ജില്ലാ പ്രസിഡണ്ട് പദവിയിൽ നിന്ന് തെറിച്ച രവികുളങ്ങര പ്രതിഷേധമെന്നോണം പടന്നക്കാട്ടുള്ള പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് അടച്ചുപൂട്ടി താക്കോൽ സ്വന്തമാക്കുകയും, സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയും ലതികാസുഭാഷ് അടക്കമുള്ള സംസ്ഥാന എൻസിപി നേതാക്കളും നേരിട്ടെത്തി ഒരു വർഷം മുമ്പ് ഉത്സവഛായയിൽ പടന്നക്കാട്ട് ഉദ്ഘാടനം നിർവ്വഹിച്ച പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിന്റെ സൈൻബോർഡ് എടുത്തു മാറ്റുകയും ചെയ്തു.

പ്രതിമാസം പത്തായിരം രൂപ വാടക നൽകുന്ന ഓഫീസാണ് അടച്ചുപൂട്ടിയത്. ഇക്കാലമത്രയും ഓഫീസിന് വാടക നൽകി വരുന്നത് രവി കുളങ്ങരയാണ്. ഇതോടെ എൻസിപി പ്രവർത്തകർ ജില്ലയിൽ ചേരിതിരിയുകയും, കുളങ്ങരയുടെയും കരീമിന്റെയും പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തിട്ടും, പാർട്ടി സംസ്ഥാന നേതൃത്വം ഒന്നും മിണ്ടുന്നില്ല.

മിനുട്ട്സ് ബുക്ക് അടക്കമുള്ള പാർട്ടി ജില്ലാ കമ്മിറ്റിയുടെ രേഖകൾ മുഴുവൻ രവികുളങ്ങരയുടെ കൈകളിലാണ്. സംസ്ഥാന ഭരണത്തിൽ ഘടക കക്ഷിയായ എൻസിപി ജില്ലാ കമ്മിറ്റിയിലുണ്ടായ  ഉരുൾപൊട്ടലും പേമാരിയും നോക്കിയിരിക്കുകയാണ് വനം മന്ത്രി ഏ.കെ. ശശീന്ദ്രനും, സംസ്ഥാന പ്രസിഡണ്ട് പി.സി. ചാക്കോയും. ഫലം രവികുളങ്ങരയുടെ നേതൃത്വത്തിൽ പാർട്ടിയിലേക്ക് വന്ന പ്രവർത്തകരിൽ പലരും മലവെള്ളപ്പാച്ചിലിൽ ഒഴുകി പുതിയ പാർട്ടികളിൽ കൂടാരങ്ങൾ തേടുകയാണ്. എൻസിപിയുടെ ദേശീയ അധ്യക്ഷൻ ശരത്പവാറാണ്.

LatestDaily

Read Previous

ഇട്ടമ്മലിൽ എംഡിഎംഏ പിടികൂടി

Read Next

യുവതി മക്കളെയുപേക്ഷിച്ച് വീടുവിട്ട സംഭവം പോലീസ് നിസ്സാരമാക്കി