ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗർഭിണികൾക്ക് സർക്കാർ വക സ്വകാര്യാശുപത്രി
കാഞ്ഞങ്ങാട് : പ്രതിഷേധം കനക്കുന്നതിനിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ജില്ലാശുപത്രിയെ കോവിഡ് ആശുപത്രിയാക്കിയതായി ഡിഎംഒ, ഡോ. രാംദാസ് ലേറ്റസ്റ്റിനോട് വെളിപ്പെടുത്തി.
ജില്ലാശുപത്രിയിൽ ചികിൽസ തേടിയെത്തുന്ന രോഗികൾക്ക് ചികിൽസ ഉറപ്പാക്കാൻ ആരോഗ്യ വിഭാഗം ബദൽ മാർഗ്ഗം തേടിയിട്ടുണ്ട്. ചികിൽസ തേടിയെത്തുന്ന ഗർഭിണികളെ, കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.
ഇതിനാവശ്യമായ മുഴുവൻ ചെലവുകളും സർക്കാർ വഹിക്കും. ഒ. പിയായി ചികിൽസയ്ക്കെത്തുന്ന രോഗികളെ പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കയക്കും. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറ് കണക്കിന് രോഗികളാണ് നിത്യവും ഒ. പിയിലെത്തുന്നത്. ജില്ലാ ആശുപത്രി കോവിഡാശുപത്രിയാകുമ്പോൾ ഒ. പി രോഗികൾക്ക് ചികിൽസ ലഭിക്കണമെങ്കിൽ 10 കിലോ മീറ്റർ ദൂരം കൂടുതൽ സഞ്ചരിക്കണ്ടി വരും.
ക്യാൻസർ രോഗികളെ, നീലേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റും. അപകടങ്ങളിൽ പരിക്കേറ്റവർ ഉൾപ്പടെ മറ്റ് മുഴുവൻ രോഗികളെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം. ഒക്ടോബർ 5 മുതൽ നാല് ദിവസത്തിന് ശേഷം ജില്ലാശുപത്രിയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച് തുടങ്ങും.