ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: നിത്യഹരിതഗായകൻ എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 7-ന് എസ്പിബി കോവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്നങ്ങളാണ് ആരോഗ്യനില വഷളാക്കിയത്. വിദേശഡോക്ടർമാരുടെ ഉപദേശം അടക്കം തേടിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഉച്ചയ്ക്ക് 1:04 ഓടെ മരണം സ്ഥിരീകരിച്ചതായി എസ് പി ബിയുടെ മകൻ മാധ്യമങ്ങളെ അറിയിച്ചു.
ഓഗസ്റ്റ് 5-നാണ് എസ് പി ബാലസുബ്രഹ്മണ്യത്തിനും ഭാര്യ സാവിത്രിക്കും കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹം തന്നെയാണ് വീഡിയോ സന്ദേശത്തിലൂടെ തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായും വീട്ടിൽത്തന്നെ ചികിത്സ തേടുകയാണെന്നും ആരാധകരോട് പറഞ്ഞത്. പക്ഷേ പിന്നീട് നില വഷളായതോടെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സക്കിടെ ഒരു വേളയിൽ നില വളരെ മെച്ചപ്പെട്ടതായിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഗുരുതരാവസ്ഥയിലായി.
ഇന്ത്യൻ കലാലോകം മുഴുവൻ പ്രാർത്ഥനകളോടെ എസ്പിബിയുടെ മടങ്ങിവരവിനായി കാത്തിരിക്കുകയായിരുന്നു. സൂപ്പർ താരങ്ങളായ രജനീകാന്ത്, കമൽഹാസൻ, അമിതാഭ് ബച്ചൻ. ചിരഞ്ജീവി, ഇസൈജ്ഞാനി ഇളയരാജ, ഗായകരായ ഹരിഹരൻ, കെ എസ് ചിത്ര, സുജാത, യുവതാരങ്ങളായ കാർത്തി, അരുൺ വിജയ്, സംവിധായകരായ ഭാരതിരാജ, എ ആർ മുരുഗദോസ്, കാർത്തിക് സുബ്ബരാജ് അങ്ങനെ നിരവധിപ്പേർ വ്യാഴാഴ്ച വൈകിട്ട് അദ്ദേഹത്തിന് വേണ്ടി പ്രാർഥനയുമായി എത്തി. എല്ലാവരും എസ്പിബിയുടെ പാട്ടുകളുമായി വീഡിയോ കോൺഫറൻസ് വഴി ഒത്തുകൂടി. അനശ്വരഗായകൻ എത്രയും പെട്ടെന്ന് തിരികെയെത്തട്ടെയെന്ന് ഓരോരുത്തരും കണ്ണീരോടെ പറഞ്ഞു.
പ്രാർഥനകളൊന്നും ഫലിച്ചില്ല. ആസ്വാദകരുടെ ചുണ്ടിൽ മൂളാൻ പാട്ടുകളുടെ ഒരു സാഗരം തന്നെ ബാക്കിയാക്കി എസ് പി ബി മറഞ്ഞു. ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. പരമ്പരാഗതരീതിയിൽ പാട്ട് ചൊല്ലിക്കൊടുത്ത ഗുരുവില്ല. സംഗീതപാരമ്പര്യവുമില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു.
സിനിമാ പിന്നണി ഗായകന്‍, നടന്‍,സംഗീത സംവിധായകന്‍, സിനിമാ നിര്‍മ്മാതാവ്, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ നിരവധി രംഗങ്ങളിൽ തിളങ്ങി എസ്പിബി. പാട്ടുകളുടെ റെക്കോഡ് പെരുമഴയാണ് എസ്പിബിയുടെ പേരിൽ. 16 ഭാഷകളിലായി നാല്‍പ്പതിനായിരത്തില്‍പ്പരം ഗാനങ്ങള്‍ ആലപിച്ചു.