ചാലിങ്കാൽ ഘാതകന് കർണ്ണാടകയിലും തമിഴ്നാട്ടിലും പോലീസ് ലുക്കൗട്ടിറക്കി

സ്വന്തം ലേഖകൻ

അമ്പലത്തറ:  ചാലിങ്കാൽ നമ്പ്യാരടുക്കം നീലകണ്ഠൻ കൊലക്കേസ് പ്രതി ഗണേശനെ കണ്ടെത്താൻ  കർണ്ണാടകയിലും, തമിഴ്നാട്ടിലും പോലീസ് ലുക്കൗട്ട് നോട്ടീസിറക്കി. കൊല നടന്ന് ഒന്നരമാസത്തോളമായിട്ടും പ്രതിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് കേരള പോലീസ് കർണ്ണാടക, തമിഴ്നാട് പോലീസിന്റെ സഹായത്തോടെ ഇരുസംസ്ഥാനങ്ങളിലും ലുക്കൗട്ട് നോട്ടീസിറക്കിയത്.

കഴിഞ്ഞ ദിവസങ്ങളിൽ അമ്പലത്തറ പോലീസ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദന്റെ നേതൃത്വത്തിൽ കർണ്ണാടകയിൽ ഗണേശന് വേണ്ടി തെരച്ചിൽ നടത്തിയിരുന്നു. നാല് ദിവസത്തോളം കർണ്ണാടകയിൽ ക്യാമ്പ് ചെയ്താണ് ടി.കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള സംഘം കൊലയാളിക്കായി തെരച്ചിൽ നടത്തിയത്. കർണ്ണാടകയുടെ വിവിധ ഭാഗങ്ങളിൽ കൊലയാളിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പതിച്ചിട്ടുണ്ട്. ബസ്്സ്റ്റാന്റ്, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിലടക്കം ലുക്കൗട്ട് നോട്ടീസ് പതിച്ചു.

ഗണേശൻ എത്താൻ സാധ്യതയുള്ള വീടുകളിലെല്ലാം അന്വേഷണസംഘം നേരിട്ടെത്തി പരിശോധന നടത്തിയിരുന്നു. ഗൂഢല്ലൂർ നാടുകാണിയിലെ സഹോദരിയുടെ വീട്ടിൽ ഗണേശൻ കൊലപാതകത്തിന് ശേഷം എത്തിയിരുന്നു. ആദ്യഭാര്യയിലുള്ള 2 മക്കളുടെ വീട്ടിലും ബന്ധുഗൃഹങ്ങളിലും സഹോദരിമാരുടെ വീട്ടിലും പ്രതി കൊലപാതകത്തിന് േശഷം പോയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഓഗസ്റ്റ് 1 ന് പുലർച്ചെയാണ് പെരിയ ചാലിങ്കാൽ നമ്പ്യാരടുക്കത്തെ തേപ്പ് തൊഴിലാളി നീലകണ്ഠനെ അദ്ദേഹത്തിന്റെ സഹോദരീ ഭർത്താവ് ഗണേശൻ കഴുത്തറുത്ത് കൊന്നത്. ബംഗളൂരു സ്വദേശിയായ ഗണേശൻ നീലകണ്ഠനൊപ്പം പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു. ഭാര്യാസഹോദരനെ കൊലപ്പെടുത്തിയ ശേഷം നാട്ടിൽ നിന്ന് മുങ്ങിയ പ്രതി ഒളിത്താവളങ്ങൾ മാറ്റിക്കൊണ്ടിരിക്കുന്നതും, മൊബൈൽ ഫോൺ ഉപയോഗിക്കാത്തതുമാണ് പോലീസിനെ വലച്ചത്.

കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നീലകണ്ഠൻ കൊലക്കേസ് പ്രതിക്ക് വേണ്ടി ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുള്ളതിനാൽ, പ്രതിക്ക് ഏറെക്കാലം ഇനി ഒളിവിൽ കഴിയാനാകില്ലെന്നാണ് പോലീസിന്റെ പ്രതീക്ഷ.

LatestDaily

Read Previous

വാടകയ്ക്ക് കൊടുത്ത കാർ കൈമാറി

Read Next

ബംഗാളി യുവതി ഡീസലൊഴിച്ച് സ്വയം തീ കൊളുത്തി