പാദസരക്കള്ളന്റെ കാലിൽ പ്ലാസ്റ്ററിട്ട ഡോക്ടറുടെ മൊഴിയെടുക്കും

കാഞ്ഞങ്ങാട്: പാദസരക്കള്ളൻ ചെർപ്പുളശ്ശേരി നൗഷാദിന്റെ 34, തല്ലിയൊടിക്കപ്പെട്ട ഇരുകാലുകളിലും പ്ലാസ്റ്ററിട്ട ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട്  ഉത്തരവിട്ടു. പരിയാരം മെഡിക്കൽ കോളേജിലാണ് നൗഷാദിന്റെ അടിച്ചൊടിച്ച ഇരുകാലുകളിലും പ്ലാസ്റ്ററിട്ടത്.

നൗഷാദിന്റെ കാലുകൾക്ക് അക്രമണത്തിൽ എത്ര മാത്രം പരിക്കുകൾ സംഭവിച്ചിട്ടുണ്ടെന്ന് ബോധ്യപ്പെടാനാണ് പ്ലാസ്റ്ററിട്ട ഡോക്ടറുടെ മൊഴി രേഖപ്പെടുത്താൻ ന്യായാധിപൻ പോലീസിനോട് നിർദ്ദേശിച്ചത്. അജാനൂർ അതിഞ്ഞാൽ പൂത്താലിക്കുളത്തിന് പടിഞ്ഞാറ് ഇട്ടമ്മലിൽ താമസിക്കുന്ന കുവൈത്ത് പ്രവാസി മൊയ്തീന്റെ വീട്ടുവാതിൽ സപ്തംബർ 4-ന് ഞായറാഴ്ച പുലർച്ചെ കുത്തിത്തുറന്ന്  അകത്തു കയറിയ മലപ്പുറം സ്വദേശിയായ കവർച്ചക്കാരൻ നൗഷാദിനെ വീട്ടുകാർ ഉണർന്ന് പിറകെ ഓടി പുലർകാലം 3 മണിക്ക് കയ്യോടെ പിടികൂടുകയായിരുന്നു.

റെയിൽപ്പാളത്തിന് പടിഞ്ഞാറു വശത്തുള്ള റോഡിൽ സംഭവ ദിവസം നൗഷാദിന് ക്രൂരമായ നിലയിൽ മർദ്ദനമേറ്റിരുന്നു. ഇരു കാലുകളും മുട്ടിന് താഴെ അടിച്ചു തകർത്ത നിലയിൽ അന്ന് ഹോസ്ദുർഗ് പോലീസാണ് നൗഷാദിനെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിച്ചിരുന്നത്.

പരിയാരത്ത് നൗഷാദിന്റെ എല്ലുകൾ തകർന്ന ഇരുകാലുകളിലും മൊത്തം പ്ലാസ്റ്ററിട്ട ശേഷം, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും, ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ത്രേട്ട് ആശുപത്രിയിലെത്തി നൗഷാദിനെ റിമാന്റ് ചെയ്യുകയും, ജില്ലാ ആശുപത്രിയിലുള്ള ജയിൽ സെല്ലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കയാണ്.   പാദസരക്കള്ളന്റെ കാലുകളിൽ പ്ലാസ്റ്ററിട്ട പരിയാരം മെഡിക്കൽ കോളേജിലെ  അസ്ഥിരോഗ വിദഗ്ധനിൽ നിന്ന് നാളെ ഹോസ്ദുർഗ് പോലീസ് മൊഴി രേഖപ്പെടുത്തിയ ശേഷം ഹോസ്ദുർഗ് കോടതിക്ക് നൽകും.

നൗഷാദിന്റെ മൊഴി ന്യായാധിപൻ നേരത്തെ ജില്ലാ ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയിൽ ഇട്ടമ്മൽ വീട്ടുടമ മൊയ്തീനും മക്കളും ചേർന്നാണ് ഇരുമ്പു വടി കൊണ്ട് തന്റെ ഇരുകാലുകളും തല്ലിയൊടിച്ചതെന്ന് ആരോപിച്ച് നൽകിയ മൊഴിക്ക് ശേഷമാണ്, കവർച്ചക്കാരൻ നൗഷാദിന്റെ കാലുകളിലുണ്ടായിട്ടുള്ള പരിക്കുകൾ എത്ര മാത്രം  ഗുരുതരമാണെന്ന് ബോധ്യപ്പെടാൻ കോടതി പോലീസിനോട് അസ്ഥിരോഗ വിദഗ്ധന്റെ മൊഴി രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്.

LatestDaily

Read Previous

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി ; പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും

Read Next

റാബീസ് വാക്സീന്‍; വിദഗ്ധ പരിശോധന നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം