സിപിഎമ്മിന് എംഎൽഏയോട് മൃദുസമീപനം

കാഞ്ഞങ്ങാട്: നിക്ഷേപകരിൽ നിന്ന് നൂറ്റിമുപ്പത്തിയാറ് കോടി രൂപ തട്ടിയെടുത്ത ഫാഷൻ ഗോൾഡ് ചെയർമാൻ എം. സി. ഖമറുദ്ദീനോട് നാടുഭരിക്കുന്ന പാർട്ടി സിപിഎമ്മിന് വല്ലാത്ത മൃദുസമീപനം.

കേരളം മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികൾ ദൈനംദിനം ഉറ്റുനോക്കുന്ന നടുക്കമുണ്ടാക്കുന്ന നിക്ഷേപത്തട്ടിപ്പു കേസ്സിൽ ഉൾപ്പെട്ട പ്രതികളായ എം. സി. ഖമറുദ്ദീനെയും, ടി. കെ. പൂക്കോയ തങ്ങളെയും ന്യായമായും അറസ്റ്റ് ചെയ്യേണ്ട സമയം എന്നോ കഴിഞ്ഞിട്ടും, സിപിഎം ഇപ്പോഴും ഈ മുസ്ലീം ലീഗ് ജനപ്രതിനിധിയെ കെട്ടിപ്പുണരുകയാണ്.

അതിനിടയിൽ ഖമറുദ്ദീൻ എംഎൽഏ പദവി  രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവജന സംഘടന ഡിവൈഎഫ്ഐ, ഖമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലുള്ള വീട്ടിലേക്ക് ഇന്ന് മാർച്ച് നടത്തി.

ഇന്ത്യൻ ശിക്ഷാനിയമം 420, 406 ചതി, വഞ്ചന കുറ്റകൃത്യങ്ങൾ ചുമത്തിയിട്ടുള്ള 136 കോടിയുടെ നിക്ഷേപത്തട്ടിപ്പു കേസ്സിൽ പ്രതി ചേർക്കപ്പെട്ട ഒരാൾ മന്ത്രിയായാൽപ്പോലും,  എഫ്ഐആർ രജിസ്റ്റർ ചെയ്ത നിമിഷം കേസ്സന്വേഷണച്ചുമതലയുള്ള  പോലീസ് ഉദ്യോഗസ്ഥന് കോടതിയുടെ വാറണ്ടു പോലും ഇല്ലാതെ അറസ്റ്റ് ചെയ്ത് നീതിന്യായക്കോടതിയിൽ ഹാജരാക്കാൻ അധികാരമുള്ളപ്പോഴാണ്,  ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സിലെ ഒന്നാംപ്രതി എം. സി. ഖമറുദ്ദീനും, രണ്ടാം പ്രതി ടി. കെ. പൂക്കോയയും നീതിന്യായ വ്യവസ്ഥയെ  വെല്ലുവിളിച്ച് സധൈര്യം നാട്ടിലിറങ്ങി  നടക്കുന്നത്.

എംഎൽഏയെ അറസ്റ്റ് ചെയ്യാൻ നിയമസഭാ സ്പീക്കറുടെ അനുമതി ആവശ്യമാണെങ്കിലും, തട്ടിപ്പുകേസ്സിലെ പ്രതി എംഎൽഏ ആയാലും അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിയമസഭ സ്പീക്കർക്ക് അന്വേഷണ ഉദ്യോഗസ്ഥൻ ഒരു ഫാക്സ്- ഇ മെയിൽ സന്ദേശം അയച്ചാൽ, തട്ടിപ്പുകേസ്സിലെ പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിനോട് പറയാൻ നിയമസഭാ സ്പീക്കർക്കല്ല,  ലോക്സഭാ സ്പീക്കർക്കും അധികാരമില്ല.

അങ്ങനെ പറഞ്ഞാൽ നിയമസഭാ സ്പീക്കറും തട്ടിപ്പു കേസ്സിലെ പ്രതിയെ പിന്തുണക്കുന്നുവെന്ന് ഉറപ്പായും വ്യാഖ്യാനം വരും.

ഇത് ഖമറുദ്ദീൻ എംഎൽഏയുടെ കാര്യമാണെങ്കിൽ, ഫാഷൻ ഗോൾഡ് സ്വർണ്ണാഭരണ ശാലയുടെ ജനറൽ മാനേജർ തായലക്കണ്ടി പൂക്കോയ ചന്തേര പോലീസ് സ്റ്റേഷന് തൊട്ടുള്ള സ്വന്തം സഹോദരിയുടെ വീട്ടിലുണ്ടെന്ന് ചന്തേര പോലീസിന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടും, പൂക്കോയയെ തൊടാനും  ക്രൈംബ്രാഞ്ചിന്റെ   കൈകളിൽ ആരോ വിലങ്ങണിയിച്ചിട്ടുണ്ട്.

ഫാഷൻ ഗോൾഡ് നിക്ഷേപകരിൽ നിന്ന് തട്ടിയെടുത്ത 136 കോടി രൂപ 4 മാസം കൊണ്ട് കൊടുത്തു തീർക്കുമെന്ന് എം. സി. ഖമറുദ്ദീൻ മാധ്യമങ്ങളോട് ആവർത്തിച്ചു പറഞ്ഞപ്പോൾ, പാണക്കാട് ചേർന്ന മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം തീരുമാനിച്ചത് ഖമറുദ്ദീൻ 6 മാസത്തിനുള്ളിൽ നിക്ഷേപകരുടെ പണം മുഴുവൻ കൊടുത്തു തീർക്കണമെന്ന മറ്റൊരു കൊടും  വഞ്ചനയാണ്.

ഇനി 6 മാസം പൂർത്തിയാകുന്നതോടുകൂടി ഖമറുദ്ദീന്റെ എംഎൽഏ  പദവി സ്വാഭാവികമായും നഷ്ടപ്പെട്ടാൽ,  നിക്ഷേപകർക്ക് മുന്നിൽ കൈമലർത്തുകയല്ലാതെ മുസ്ലീം ലീഗ് നേതൃത്വത്തിന് മറ്റൊന്നും ചെയ്യാനില്ല.

ഖമറുദ്ദീൻ നൽകാനുള്ള പണത്തിന് മുസ്ലീം ലീഗ് ഒരിക്കലും ഉത്തരവാദിയാകില്ലെന്ന മുൻകൂർ ജാമ്യം പി. കെ. കുഞ്ഞാലിക്കുട്ടി ആദ്യം തന്നെ പുറത്തു വിടുകയും ചെയ്തു.

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവരിൽ പലരും ഖമറുദ്ദീനും പൂക്കോയക്കുമെതിരെ കടുത്ത പ്രതിഷേധത്തിലാണ്.

നാട്ടിലുള്ള പ്രതികൾക്കെതിരെ നിക്ഷേപകർ ആരെങ്കിലും കടുംകൈകൾ വല്ലതും  ചെയ്താൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്വം ക്രൈംബ്രാഞ്ചിനും, നാടു ഭരിക്കുന്ന പാർട്ടി സിപിഎമ്മിനും  ആയിരിക്കും.

പൂക്കോയയും ഖമറുദ്ദീനും പലരുടെയും നിരീക്ഷണത്തിലാണ്.

ചന്തേരയിൽ ഇദ്ദേഹത്തിന്റെ   വീടിന് മുന്നിൽ പൂക്കോയയുടെ പോക്കുവരവുകളറിയാൻ അതിരഹസ്യമായി ചിലർ നിരീക്ഷണ ക്യാമറ   സ്ഥാപിച്ചിട്ടുണ്ട്. എംഎൽഏയുടെ എടച്ചാക്കൈ വീടും നിരീക്ഷണത്തിലാണ്.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ പ്രതിഷേധം കടുത്തു

Read Next

ലീഗ് പഞ്ചായത്ത് അംഗത്തിന്റെ അനധികൃത നിർമ്മാണം പൊളിച്ചുമാറ്റാൻ ഉത്തവ്