കോവിഡ് ആശുപത്രി ആക്കരുത്

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കാനുള്ള തീരുമാനം ആരുടേതാണെന്ന് ആർക്കുമറിയില്ല. ആദ്യകാലത്ത് ധർമ്മാശുപത്രി എന്ന പേരിൽ കാഞ്ഞങ്ങാട്ടെ പുതിയകോട്ടയിൽ ആരംഭിച്ച ഈ സർക്കാർ ആശുപത്രി, പിന്നീട് താലൂക്കാശുപത്രിയും, ഇപ്പോൾ വിപുലവും ആധുനിക സൗകര്യങ്ങളുമൊക്കെയായി കാസർകോട് ജില്ലാആശുപത്രിയായി പ്രവർത്തിക്കുകയാണ്.

അതിനിടയിലാണ്, ജില്ലാ ആശുപത്രിയെ കോവിഡ് രോഗ ചികിൽസയ്ക്ക് മാത്രമായുള്ള ആശുപത്രിയാക്കി മാറ്റാനുള്ള നീക്കം സർക്കാർ ആതുരസേവകരുടെ ഭാഗത്ത് നിന്നുണ്ടായത്.

കാസർകോട് ജില്ലയിൽ കോവിഡ് രോഗികൾ ദിനംപ്രതി വർദ്ധിച്ചുവരുന്നതിനാൽ, കോവിഡ് രോഗികളും മരിക്കരുത്, സാധാരണ രോഗികളും ചികിൽസ കിട്ടാതെ മരിക്കരുത് എന്ന കണ്ടെത്തലിനെ തുടർന്നാണ് സംസ്ഥാന ആരോഗ്യവകുപ്പ് ഇപ്പോൾ ജില്ലാ ആശുപത്രിയുടെ പകുതിഭാഗം കോവിഡ് ആശുപത്രിയാക്കി മാറ്റാൻ തീരുമാനിച്ചത്.

തൽസമയം, ജനങ്ങൾ അറിയേണ്ട മറ്റൊരു സത്യം കേൾക്കുക: ജില്ലാ ആശുപത്രി ചുറ്റുമതിലിനകത്ത് കോടികൾ ചിലവിട്ട് നാലുനിലകളിൽ നിർമ്മാണം പൂർത്തിയാക്കിയ പുതിയ പടുകൂറ്റൻ കെട്ടിടം വെറുതെ കിടക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നു കഴിഞ്ഞു.

” ആനയെ വാങ്ങി, തോട്ടിയെ വാങ്ങിയില്ല” എന്ന പഴമൊഴി അന്വർത്ഥമാക്കും വിധത്തിലാണ് ജില്ലാ ആശുപത്രിയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ. നിർമ്മാണം പൂർത്തിയായ ഈ നാലുനിലക്കെട്ടിടത്തിൽ വയറിംഗ് പൂർത്തിയാക്കാത്തതാണ് പുതിയ ആശുപത്രി ബ്ലോക്ക് ഒരു വർഷം അനാധമായിക്കിടക്കാൻ കാരണം.

ആരാണ് ഈ അനിശ്ചിതത്വത്തിന്റെ ഉത്തരവാദികൾ-? നീതി പോലെത്തന്നെ ജനങ്ങൾക്ക് ചികിൽസയും കൈയ്യെത്തും ദൂരത്തിലായിരിക്കണം.  വൈകി എത്തുന്ന നീതിയും, രോഗി മരിച്ച ശേഷം എത്തുന്ന ഡോക്ടറും സമൂഹത്തിന് ശാപമാണ്.

ഏറെ കൊട്ടിഘോഷിച്ചാണ് ജില്ലയിൽ ചട്ടഞ്ചാലിൽ ടാറ്റയുടെ ആശുപത്രി നിർമ്മിച്ചത്. ആശുപത്രിയുടെ താക്കോൽ കരാറുകാരനിൽ നിന്ന് ജില്ലാ കലക്ടർ ഏറ്റുവാങ്ങുന്ന പടവും ഈ അപിശപ്ത ജില്ലയിലെ ജനങ്ങൾ കണ്ടുവെങ്കിലും, ടാറ്റാ ആശുപത്രിയുടെ കാര്യവും, “ആനയുണ്ട്, തോട്ടിയില്ലെന്ന” മട്ടിൽ തന്നെയാണ്.

വടക്കിന്റെ ഈ അതിർത്തി ദേശത്ത് മെഡിക്കൽ കോളേജ് എന്ന ആശുപത്രി പകൽ സ്വപ്നമാണ്. മെഡിക്കൽ കോളേജ് ആരംഭിച്ചില്ലെ, എന്ന് ചോദിച്ചാൽ ആരംഭിച്ചു.

ആരാണ് ഈ മെഡിക്കൽ കോളേജിൽ ഇപ്പോഴുള്ളത് എന്ന്, എൻമകജെ പഞ്ചായത്തിലെ ഉക്കിനടുക്കയിൽ ചെന്ന് പരിശോധിക്കണം.

വ്യക്തമായി പറഞ്ഞാൽ ചുണ്ട് മുറിഞ്ഞാൽ ഒരു നുള്ള് ഉപ്പുവെച്ച് കെട്ടാനുള്ള സൗകര്യം പോലും കാസർകോട് മെഡിക്കൽ കോളേജിൽ ഇനിയുമില്ല.

കോവിഡ് ആശുപത്രി ആക്കാനാണല്ലോ ചട്ടഞ്ചാലിൽ ടാറ്റാ കോടികൾ മുടക്കി ആശുപത്രി കെട്ടിടം പണിത് സർക്കാരിന് കൈമാറിയത്-?

അവിടം കോവിഡ് രോഗികൾക്ക് തുറന്നു കൊടുക്കാതെ നിലവിൽ ഗർഭിണികളും, കാൻസർ രോഗികളും, പ്രായമായ അമ്മമാരും, പാവപ്പെട്ട കൂലിത്തൊഴിലാളികളും, ബീഡി തൊഴിലാളികളും ചികിൽസയ്ക്ക് ആശ്രയിക്കുന്ന ജില്ലാ ആശുപത്രി കോവിഡ് ആശുപത്രിയാക്കണമെന്ന നിർദ്ദേശം ആരോഗ്യമന്ത്രിയുടെ തലയിൽ ഊതിക്കയറ്റിയ വക്രബുദ്ധിക്ക് നോബൽ സമ്മാനം പ്രഖ്യാപിക്കാൻ കോവിഡ് റാണി എന്ന സൽപ്പേര് ഉണ്ടാക്കിയ സംസ്ഥാന ആരോഗ്യമന്ത്രി തയ്യാറാകണം. 

LatestDaily

Read Previous

സി പി ഐ. ഒാഫീസ് ആക്രമണം രണ്ട് ജാമ്യമില്ലാ കേസ്സുകൾ

Read Next

കെഎസ്ആർടിസിയുടെ ആദ്യ ഫുഡ് ട്രക്ക് ഒരുങ്ങി