കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശത്ത് നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും

ലഡാക്ക്: കിഴക്കൻ ലഡാക്കിലെ സംഘർഷ പ്രദേശത്ത് നിന്നുള്ള സൈനിക പിന്മാറ്റം ഇന്ന് പൂർത്തിയാകും. ഇന്ത്യയും ചൈനയും ഗോഗ്ര-ഹോട്ട്സ്പ്രിംഗ് സെക്ടറിൽ നിന്നാണ് സൈന്യത്തെ പിൻവലിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ നടന്ന കമാൻഡർ തല ചർച്ചയ്ക്ക് ശേഷമാണ് ഈ നീക്കം.

2020 ന് മുമ്പുള്ള സ്ഥാനത്തേക്ക് പിൻമാറുമെന്നാണ് ചൈന വാഗ്ദാനം ചെയ്തിരിക്കുന്നത്. 2020 ൽ, ചൈനീസ് സൈന്യം അതിർത്തിയിലെ വിവിധ പ്രദേശങ്ങളിൽ നുഴഞ്ഞുകയറിയതിനെത്തുടർന്നാണ് ഇന്ത്യ പ്രതിരോധ സൈനിക നടപടികൾ ശക്തമാക്കിയത്. ഗാൽവാൻ താഴ്വരയിൽ ഇരു സൈനികരും തമ്മിലുണ്ടായ രക്തരൂക്ഷിതമായ ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാൻ കാരണമായി. അതിനുശേഷം, ബന്ധം മെച്ചപ്പെടുത്തുന്നതിനായി നിരവധി കമാൻഡർ തല ചർച്ചകളാണ് നടന്നത്.

പതിനാറാം വട്ട ചർച്ചയിൽ ഉണ്ടായ ധാരണ പ്രകാരമാണ് ഗോഗ്ര-ഹോട്ട്സ്പ്രിംഗ് മേഖലയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നടപടികൾ ഇരു രാജ്യങ്ങളും ആരംഭിച്ചത്. ജൂലൈ 17നാണ് ചർച്ച നടന്നത്.

Read Previous

ബ്രഹ്മാസ്ത്ര രണ്ടുദിവസംകൊണ്ട് 150 കോടി ക്ലബിൽ

Read Next

ബഹുദൂരം അതിവേഗം; ഭാരത് ജോഡോ യാത്ര കേരളത്തിൽ താണ്ടിയത് 25 കിലോമീറ്റർ