ഡിസിസി പ്രസിഡണ്ടിനെതിരെ ഏ ഗ്രൂപ്പ് രഹസ്യയോഗം

കാഞ്ഞങ്ങാട്: കാസർകോട് ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനെതിരെ ഏ ഗ്രൂപ്പ് രഹസ്യയോഗം.

പടന്നക്കാട് ബേക്കൽ ക്ലബ്ബിലാണ് ജില്ലയിലെ ഇരുപത്തിയഞ്ചോളം ഏ ഗ്രൂപ്പ് പ്രാദേശിക നേതാക്കൾ ഇന്ന് രഹസ്യ യോഗം ചേർന്നത്.

കെപിസിസി അംഗം പടന്നക്കാട്ടെ എം. അസിനാറിന്റെ നേതൃത്വത്തിലാണ് രഹസ്യയോഗം. മുൻ ജില്ലാ പഞ്ചായത്തംഗവും മഹിളാ കോൺഗ്രസ്സ് നേതാവുമായ ഉദുമയിെല ഗീതാകൃഷ്ണനെ അപകീർത്തിപ്പെടുത്തിയതിന് പാർട്ടി നടപടി നേരിട്ട രാജൻ പെരിയ, ഉദുമ ബ്ലോക്ക് ജനറൽ സിക്രട്ടറി സുകുമാരൻ പൂച്ചക്കാട്, മഹിളാ കോൺഗ്രസ്സ് പ്രവർത്തക പുല്ലൂരിലെ ശ്രീകല, യൂത്ത് കോൺഗ്രസ്സ് മുൻ ജില്ലാ പ്രസിഡണ്ട്  സാജിദ് മൗവ്വൽ, ഡിസിസി സിക്രട്ടറി വി. ആർ. വിദ്യാസാഗർ, ബിൻസി ബന്തടുക്ക, പെരിയ ഗ്രാമപഞ്ചായത്തംഗവും ഉദുമ ബ്ലോക്ക് സിക്രട്ടറിയുമായ ടി. ശശിധരൻ, ഉദുമ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ശശിധരൻ പൊയിനാച്ചി എന്നിവരടക്കം മുപ്പതോളം ഏ ഗ്രൂപ്പുകാർ രഹസ്യ യോഗത്തിൽ സംബന്ധിച്ചു.

ഏ ഗ്രൂപ്പിന്റെ രഹസ്യ യോഗം മണത്തറിഞ്ഞ ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിൽ കാസർകോട്ട് നിന്ന് ഉച്ചയോടെ ബേക്കൽ ക്ലബ്ബിൽ ഓടിയെത്തുകയായിരുന്നു.  ഏ ഗ്രൂപ്പിനകത്ത് ഡിസിസി പ്രസിഡണ്ടിനെ എതിർക്കുന്നവരുടെ പുതിയ ഗ്രൂപ്പ് സ്ഥാപിച്ചെടുക്കാനാണ് ഇന്ന് രഹസ്യ യോഗം ചേർന്നതെങ്കിലും, ഡിസിസി  പ്രസിഡണ്ട് രഹസ്യയോഗത്തിലെത്തിയതോടെ ഗ്രൂപ്പിനകത്തുള്ള  പുതിയ ഗ്രൂപ്പിന്റെ ലക്ഷ്യങ്ങൾ അമ്പേ പരാജയപ്പെട്ടു.

ഉച്ചഭക്ഷണത്തിന് ശേഷവും രഹസ്യയോഗം തുടരുകയാണ്. ഉമ്മൻചാണ്ടിയുടെ പേരിൽ ഒരു ട്രസ്റ്റ് രൂപീകരിക്കാനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജില്ലയിലെ കെപിസിസി ഭാരവാഹികൾക്ക് സ്വീകരണം നൽകാനുമാണ് രഹസ്യയോഗമെന്ന് പുറത്തു പറയുന്നുവെങ്കിലും,  ത്രിതല പഞ്ചായത്തിലേക്ക് സ്ത്രീകളടക്കം ഇഷ്ടപ്പെട്ടവരെ സ്ഥാനാർത്ഥികളാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് രഹസ്യയോഗമെന്ന് യോഗത്തിൽ സംബന്ധിച്ച ഒരു ഏ ഗ്രൂപ്പ് വക്താവ് തുറന്ന് വെളിപ്പെടുത്തി.

LatestDaily

Read Previous

കെഎസ്ടിപി വക സോളാർ വിളക്കുകൾ മിഴിചിമ്മി

Read Next

ബേക്കൽ ഭർതൃമതിയെ ബംഗളൂരുവിലെ ഹോട്ടലിൽ ഉപേക്ഷിച്ച് യുവാവ് കടന്നു