തീവണ്ടികള്‍ക്ക് പുതിയ സ്റ്റോപ്പ് അനുവദിക്കുന്നതിൽ കര്‍ശന നിയന്ത്രണവുമായി റെയില്‍വേ

കൊല്ലം: മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിക്കുന്നതിന് കർശന നിയന്ത്രണം വരുന്നു. 16,672 മുതൽ 22,442 രൂപ വരെ വരുമാനമുള്ള സ്റ്റേഷനുകളിൽ മാത്രമേ പുതിയ സ്റ്റോപ്പുകൾ അനുവദിക്കാവൂ എന്നാണ് റെയിൽവേ ബോർഡിന്‍റെ നിലപാട്. ട്രെയിൻ ഒരു സ്റ്റേഷനിൽ നിർത്തി യാത്ര തുടരുന്നതിനുള്ള ചെലവ് കുത്തനെ ഉയർന്നതാണ് ഇതിന് കാരണം.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഒരു സ്റ്റേഷനിൽ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾ നിർത്തുന്നതിനുള്ള ചെലവ് 16,672 രൂപ മുതൽ 22,432 രൂപ വരെയാണ്. ഇന്ധന-ഊർജ്ജ നഷ്ടം, തേയ്മാനം എന്നിവയുടെ അടിസ്ഥാനത്തിലാണ് നഷ്ടം കണക്കാക്കുന്നത്. 2005 ൽ ഇത് 4,376 രൂപ മുതൽ 5,396 രൂപ വരെയായിരുന്നു. റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷനാണ് (ആർഡിഎസ്ഒ) പുതിയ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്. ഇന്ധനം, സ്പെയർ പാർട്സ് എന്നിവയുടെ വില വർദ്ധനവ് കാരണം, 22 കോച്ചുകളുള്ള എക്സ്പ്രസ് ട്രെയിനിന് ഒരു സ്റ്റോപ്പിൽ നിർത്തുമ്പോൾ 22,442 രൂപ ചെലവാകും. കോച്ചുകളുടെ എണ്ണം കുറയുന്നതിനനുസരിച്ച് ചെലവും കുറയും.

ഇതിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ ബോർഡ് സ്റ്റോപ്പ് പോളിസി തയ്യാറാക്കി എല്ലാ സോണൽ റെയിൽവേ ജനറൽ മാനേജർമാർക്കും അയച്ചിട്ടുണ്ട്. പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ 70 മുതൽ 80 ശതമാനം വരെ സ്റ്റോപ്പുകൾ നിർത്തേണ്ടി വരും. എന്നിരുന്നാലും, നിലവിൽ സ്റ്റോപ്പുള്ള പ്രദേശങ്ങളിൽ ഇത് ബാധകമല്ലെന്ന് അധികൃതർ പറയുന്നു. എന്നാൽ, കൊവിഡ് കാലത്ത് നിർത്തിവച്ച സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കുന്നതിന് പുതിയ നയം തിരിച്ചടിയാകും.

K editor

Read Previous

സൗദി വിദേശകാര്യ മന്ത്രിയും എസ് ജയശങ്കറും കൂടിക്കാഴ്ച നടത്തി

Read Next

ഗ്യാൻവാപി മസ്ജിദ് കേസ്; ഇന്ന് പ്രാഥമിക വിധിപ്രസ്താവം