നഗരത്തിൽ കാരാട്ട് നൗഷാദിന്റെ പരാക്രമം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തെ വിറപ്പിച്ച് നിരവധി കേസ്സുകളിലെ പ്രതിയായ കാരാട്ട് നൗഷാദിന്റെ പരാക്രമം. 

ബാർബർ ഷോപ്പ് അടിച്ച് തകർത്ത ശേഷം ജനങ്ങൾക്ക് നേരെ കഠാര വീശിയ യുവാവിനെ മൽപ്പിടുത്തത്തിലൂടെ  കീഴ്പ്പെടുത്തിയ ശേഷം കെട്ടിയിട്ട് പോലീസിന് കൈമാറി.

ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. നയാബസാറിൽ പ്രവർത്തിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി നദീം നടത്തുന്ന ബാർബർ ഷോപ്പിന് നേരെയാണ് അക്രമണമുണ്ടായത്.  കട അടക്കുന്ന സമയത്ത് മുടി മുറിക്കാനെത്തിയതായിരുന്നു നൗഷാദ്.

കട അടക്കുകയാണെന്ന് ഉത്തരേന്ത്യക്കാരായ തൊഴിലാളികൾ പറഞ്ഞതാണ് പ്രകോപനത്തിന് കാരണം.

മുൻവശത്തെ വലിയ ഗ്ലാസ്സുകൾ പാടെ അടിച്ച് തകർക്കുകയായിരുന്നു. ഓടിക്കൂടിയ വ്യാപാരികൾക്കും,  നാട്ടുകാർക്കും നേരെ കത്തി വീശിയ പ്രതി ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഒടുവിൽ ബസ്്സ്റ്റാന്റ് പരിസരത്തെത്തിയ യുവാവിനെ യാത്രക്കാർ വളഞ്ഞിട്ട്  പിടികൂടി കെട്ടിയിടുകയായിരുന്നു. ഹൊസ്ദുർഗ്ഗ് പോലീസ് സംഘമെത്തിയാണ് കസ്റ്റഡിയിെലടുത്തു കൊണ്ടുപോയത്. ബാർബർ ഷോപ്പ് തകർത്തതിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായിട്ടുണ്ട്.

നൗഷാദിനെതിരെ ഹൊസ്ദുർഗ്ഗിൽ രണ്ട് കേസ്സുകളുണ്ടെന്ന്് എസ്ഐ, കെ. പി. വിനോദ്കുമാർ വ്യക്തമാക്കി.

ഒരു മാസം മുമ്പ് പോലീസ് സ്റ്റേഷനിൽ  അതിക്രമിച്ച് കടന്ന് പോലീസുകാരുടെ ഔദ്യോഗിക  കൃത്യനിർവ്വഹണം തടസപ്പെടുത്തുകയും,തുടർന്ന് കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിലെത്തി റെയിൽവെ ഉദ്യോഗസ്ഥരോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്സ്.

അജാനൂർ ഇഖ്ബാൽ ജംഗ്ഷനിലെ വാടക ക്വാർട്ടേഴ്സിലായിരുന്നു  നൗഷാദ് താമസിച്ചത്. മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയത്. പിന്നീട് നൗഷാദ് കാഞ്ഞങ്ങാട് പ്രത്യക്ഷപ്പെട്ടിരുന്നില്ല.

LatestDaily

Read Previous

ഹസീനയുടെ മരണം രക്തസ്രാവത്തെ തുടർന്ന്

Read Next

കെഎസ്ടിപി വക സോളാർ വിളക്കുകൾ മിഴിചിമ്മി