ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: എട്ട്മാസം ഗർഭിണിയായ യുവതി മരണപ്പെട്ടത് ഗർഭപാത്രത്തിലുണ്ടായ രക്തസ്രാവത്താലാണെന്ന് വിദഗ്ധ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി.
പരപ്പയിലെ സി. എച്ച്. ഖാലിദിന്റെ ഭാര്യ തോടംചാലിലെ ഹസീനയാണ് 34, കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് മരണപ്പെട്ടത്. കൊളവയലിലെ സഹോദരൻ സമീറിന്റെ വീട്ടിൽ കുഴഞ്ഞുവീണ ഹസീനയെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
ഹൊസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ പോലീസ് സർജ്ജനാണ് പോസ്റ്റ്മോർട്ടം നടപടികൾക്ക് വിധേയമാക്കിയത്.
ഹസീനയ്ക്ക് 12-ഉം ഏഴും വയസ്സുള്ള രണ്ട് മക്കളുണ്ട്. രണ്ട് പ്രസവവും ശസ്ത്രക്രിയ വഴിയായിരുന്നു. ഈ സമയത്തുണ്ടായ തുന്നൽ ഇപ്പോൾ ഗർഭിണിയായിരിക്കെ ഗർഭപാത്രം വികസിച്ചതിനെ തുടർന്ന് പൊട്ടുകയും, ഇതേ തുടർന്ന് രക്തം പൊട്ടിയൊലിച്ച് കട്ട പിടിച്ചതാണ് മരണകാരണമെന്നാണ് പോലീസ് സർജ്ജൻ അന്വേഷണ ഉദ്യാഗസ്ഥന് നൽകിയ പ്രാഥമിക വിവരം.
ഗർഭിണിയായ ഹസീനയുടെ ആരോഗ്യ സ്ഥിതിയിൽ ഗൈനക്കോളജിസ്റ്റ് ആശങ്കയറിയിച്ചതിനാൽ, പരപ്പയിൽ നിന്നും ഡോക്ടറെ കാണുന്നതിനുള്ള സൗകര്യം കണക്കിലെടുത്തായിരുന്നു ഹസീന കൊളവയലിലെ സഹോദരന്റെ വീട്ടിലേക്ക് മൂന്ന് ദിവസം മുമ്പ് താമസം മാറിയത്. മരണത്തിനിടയാക്കിയതിന് മറ്റ് കാരണങ്ങളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.
ഭാര്യയുടെ മരണവിവരമറിഞ്ഞ് ഖാലിദ് ഗൾഫിൽ നിന്നും നാട്ടിലെത്തി. മയ്യത്ത് പരപ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്തു.
ഹസീനയുടെ ആകസ്മിക വിയോഗം നാട്ടുകാരെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.