ചൈനീസ് ആപ്പുകള്‍ ഈടാക്കുന്നത് 30% പലിശ; യുവതി അടക്കം നാലുപേര്‍ പിടിയില്‍

ഗുരുഗ്രാം : ചൈനീസ് ഓൺലൈൻ ലോൺ ആപ്പുകളുമായി ബന്ധപ്പെട്ട് ഗുരുഗ്രാമിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശികളായ ദീപക്, അങ്കിത്, സാക്ഷി, ദിവ്യാൻഷ് എന്നിവരാണ് അറസ്റ്റിലായത്. സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് പൗരനാണ് ഇവരുടെ തലവനെന്നും ഇയാളുടെ നിർദേശ പ്രകാരമാണ് പ്രതികൾ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.

കമ്പനിയുടെ ഡയറക്ടർ, മാനേജ്മെന്‍റ് സ്റ്റാഫ് തസ്തികകളിലാണ് പ്രതികൾ ജോലി ചെയ്തിരുന്നത്. ഗുരുഗ്രാമിലും നോയിഡയിലും കോൾ സെന്‍ററുകളും ഇവർ പ്രവർത്തിപ്പിച്ചിരുന്നു. 2021 മുതൽ ഇവർ ചൈനീസ് ആപ്ലിക്കേഷനുകൾ വഴി വായ്പ നൽകുന്നുണ്ടെന്നും ഇതുവരെ ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ആളുകൾക്ക് വായ്പ നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

25 മുതൽ 30 ശതമാനം വരെ പലിശ നിരക്കിലാണ് ആപ്പ് വഴി ചെറിയ തുക വായ്പയായി നൽകിയിരുന്നത്. ഇതിനായി വലിയ പ്രോസസ്സിംഗ് ഫീസും ഈടാക്കിയിരുന്നു. പ്രതിമാസ ഗഡുക്കളായി പണം തിരിച്ചടയ്ക്കണമെന്നതാണ് നിബന്ധന. എന്നാൽ തിരിച്ചടവ് തെറ്റിക്കഴിഞ്ഞാൽ, ഭീഷണി ആരംഭിക്കും. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിലൂടെ, ഫോണിൽ നിന്ന് ലഭിക്കുന്ന നമ്പറുകളിലേക്ക് സന്ദേശങ്ങൾ അയച്ച് വായ്പയെടുത്ത ആളെ അപമാനിക്കും. പിന്നീട് ഇവരുടെ മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിപ്പിക്കും. അവസാനം ഇത്തരം സംഘങ്ങൾ വലിയ തുക ആവശ്യപ്പെടുമെന്നും പൊലീസ് പറഞ്ഞു.

K editor

Read Previous

ഭരത്പൂര്‍ ഇനി ജില്ല ; 21 വര്‍ഷങ്ങള്‍ക്കുശേഷം രാംശങ്കർ ഗുപ്ത താടി വടിച്ചു

Read Next

കോഴിക്കോട്ട് ആറാം ക്ലാസ് വിദ്യാർഥിക്ക് നേരെ തെരുവുനായ ആക്രമണം