ഫാഷൻ ഗോൾഡ് അറസ്റ്റ് നീളുന്നു

കാഞ്ഞങ്ങാട്: നൂറ്റി അമ്പതുകോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് പകൽ പോലെ വ്യക്തമായ, ഫാഷൻ ഗോൾഡ് പ്രതികളുടെ അറസ്റ്റ് നീണ്ടു പോകുന്നതിൽ ക്രൈംബ്രാഞ്ചിന് എതിരെ വിമർശനങ്ങളുയർന്നു.

ക്രൈംബ്രാഞ്ച് ഈ കേസ്സുകൾ  ഏറ്റെടുത്തിട്ട് പത്തു ദിവസങ്ങൾ പിന്നിട്ടിട്ടും, നിക്ഷേപകർ വഞ്ചിക്കപ്പെട്ടുവെന്ന് അന്വേഷണ സംഘത്തിന്  ബോധ്യപ്പെട്ടിട്ടും, പ്രതികളുടെ അറസ്റ്റിനെ ക്കുറിച്ച് ക്രൈംബ്രാഞ്ച്  ഒന്നു മിണ്ടുന്നില്ല.

ക്രൈംബ്രാഞ്ച് പോലീസ് മേധാവി കെ.കെ. മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ ഡിവൈഎസ്പി , പി.കെ. സുധാകരനും, ഇൻസ്പെക്ടർ മധുസൂദനൻ നായരും അടക്കമുള്ള സംഘമാണ് ഫാഷൻ ഗോൾഡ് തട്ടിപ്പു കേസ്സുകൾ അന്വേഷിക്കുന്നത്.

അറുപതിന് മുകളിൽ കേസ്സുകൾ ഇതിനകം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതി,വഞ്ചനാ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് പത്തനംതിട്ട കോന്നി പോലീസ് പോപ്പുലർ ഫിനാൻസ്  നിക്ഷേപത്തട്ടിപ്പ് കേസിലെ 5 പ്രതികളെ അറസ്റ്റ് ചെയ്തത്.

ഇവരിൽ പോപ്പുലർ ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയരക്ടർമാരായ യുവതികളായ മൂന്ന് മക്കളേയും പിതാവിനേയും മാതാവിനേയും കോന്നി സർക്കിൾ ഇൻസ്പെക്ടറാണ് അറസ്റ്റ് ചെയ്തത്.

ഈ പ്രതികളിൽ രണ്ട് യുവതികളെ ലുക്കഔട്ട്  നോട്ടീസിറക്കി ദൽഹി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്തത്.

പോപ്പുലർ ഫിനാൻസ്  കേസ്സിൽ ചുമത്തിയിട്ടുള്ള അതേ ഇന്ത്യൻ ശിക്ഷാ നിയമം 420, 406 വകുപ്പുകൾ തന്നെയാണ് ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിലും, ചുമത്തിയിട്ടുള്ളതെങ്കിലും, ഫാഷൻ ഗോൾഡ് കേസിൽ പ്രതികളെ തൊടുന്നതിന് ക്രൈംബ്രാഞ്ചിന്റെ കരങ്ങളിൽ ആരോ വിലങ്ങു വെച്ചിട്ടുണ്ട്.

ഫാഷൻ ഗോൾഡ് തട്ടിപ്പുകേസ്സിൽ ഒന്നാംപ്രതി എം.സി ഖമറുദ്ദീൻ എംഎൽഏയും രണ്ടാം പ്രതി ടി.കെ. പൂക്കോയ തങ്ങളുമാണ്.

ഇരു പ്രതികളും നാട്ടിൽത്തന്നെയുണ്ട്. ആത്മീയ- രാഷ്ട്രീയത്തട്ടിപ്പിൽ 150 കോടി രൂപ തട്ടിയെടുത്ത ഇന്ത്യ കണ്ട ഏറ്റവും വലിയ തട്ടിപ്പുകേസ്സിലെ പ്രതികളെ കെട്ടിപ്പുണരുന്നത് ക്രൈംബ്രാഞ്ചിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തു  തുടങ്ങിയിട്ടുണ്ട്.

LatestDaily

Read Previous

എംഎൽഏ തട്ടിപ്പ് കമ്പനികൾ ഒരേ വിലാസത്തിൽ

Read Next

ക്വാറന്റൈനിൽ രണ്ടുവയസ്സുകാരൻ മരണപ്പെട്ടു