അദാര്‍ പുനവാലയാണെന്ന വ്യാജേന സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വ്യാജൻ തട്ടിയത് ഒരു കോടി

ന്യൂഡൽഹി: വാക്സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സിഇഒ അദാർ പുനവാലയാണെന്ന് തെറ്റിദ്ധരിപ്പിച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തു. വാട്സ്ആപ്പ് വഴി സന്ദേശം അയച്ചാണ് ‘വ്യാജൻ’ തട്ടിപ്പ് നടത്തിയത്.

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ഡയറക്ടർ സതീഷ് ദേശ്പാണ്ഡെയ്ക്കാണ് വാട്സാപ്പ് വഴി സന്ദേശം ലഭിച്ചത്. അദാർ പുനവാലയാണെന്നും ഒരു കോടി രൂപ തന്‍റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സന്ദേശത്തിൽ ഉൾപ്പെടുത്തിയിരുന്നു. എത്രയും വേഗം പണം കൈമാറണമെന്നും സന്ദേശത്തിൽ പറയുന്നു.

സന്ദേശം അയച്ചിരിക്കുന്നത് പുനവാലയാണെന്ന് തെറ്റിദ്ധരിച്ച കമ്പനി ഉദ്യോഗസ്ഥർ 1,01,01,554 രൂപ ഉടൻതന്നെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു കൊടുക്കുകയുമായിരുന്നു. താൻ അത്തരമൊരു സന്ദേശം അയച്ചിട്ടില്ലെന്ന് വ്യക്തമായതിനെ തുടർന്ന് പുനവാല ബണ്ട് ഗാർഡൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Read Previous

അച്ഛനെ തന്നിൽ നിന്ന് അകറ്റാൻ ശ്രമിച്ചു, ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്: ​ഗണേശ് കുമാർ

Read Next

തമിഴ് ഗാനരചയിതാവ് കബിലന്‍റെ മകൾ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം