ടീ ഷര്‍ട്ട് വിവാദത്തില്‍ രാഹുലിന് പിന്തുണയുമായി മഹുവ മൊയ്ത്ര

ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധിയുടെ ടീഷർട്ടിന്‍റെ വില ചൂണ്ടിക്കാട്ടിയുള്ള ബി.ജെ.പിയുടെ വിമർശനത്തിന് പരോക്ഷ മറുപടിയുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിപരമായ കാര്യങ്ങള്‍ ഉയർത്തിക്കാട്ടി ബിജെപി അതിരുകടക്കുകയാണെന്ന് മഹുവ ആരോപിച്ചു. ബാഗിന്റേയും ടീഷര്‍ട്ടിന്റേയും വിലയെക്കുറിച്ച് മറന്നേക്കൂവെന്നും, ഇന്ത്യക്കാര്‍ ഇപ്പൊൾ മുഴുവൻ കാക്കി ഷോര്‍ട്ട്‌സിന്റേയും വില ഒടുക്കുന്ന തിരക്കിലാണെന്നും മഹുവ ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ അംഗങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് മഹുവ ബിജെപിയെ ഓർമ്മിപ്പിച്ചു. ബിജെപി എംപിമാരുടെ വാച്ചുകൾ, പേനകൾ, ഷൂസ്, മോതിരങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയാൽ, ഈ കളി ആരംഭിച്ചതോര്‍ത്ത് ബിജെപിക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്നും മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധി 41,000 രൂപയിലധികം വിലവരുന്ന ടീഷർട്ട് ധരിച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് ബിജെപി വിമർശനം ഉന്നയിച്ചത്. ടീഷർട്ട് ധരിച്ച് നിൽക്കുന്ന രാഹുലിന്‍റെ ചിത്രവും ഓണ്‍ലൈന്‍ സ്റ്റോറിൽ വില കാണിക്കുന്ന ചിത്രവും സഹിതമായിരുന്നു ബിജെപിയുടെ ആരോപണം. ‘ഭാരതം നോക്കൂ ‘ എന്ന തലക്കെട്ടോടെയായിരുന്നു രാഹുല്‍ ഗാന്ധിക്കുനേരെ ബിജെപിയുടെ പരിഹാസം. നരേന്ദ്ര മോദിയുടെ കോട്ടിനെതിരെ രാഹുൽ ഗാന്ധിയുടെ ‘സ്യൂട്ട് ബൂട്ട് ക സര്‍ക്കാര്‍’ ആരോപണങ്ങൾ ഉൾപ്പെടെ ബിജെപി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്.

K editor

Read Previous

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: വോട്ടർപട്ടിക സെപ്റ്റംബർ 20ന് പുറത്തുവിടും

Read Next

തെരുവ് നായ്ക്കളെ മെരുക്കണം; ഉന്നതതലയോഗവുമായി സംസ്ഥാന സര്‍ക്കാര്‍