ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപനം; അനന്തപുരിയിൽ വര്‍ണാഭമായ ഘോഷയാത്ര

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഒരാഴ്ച നീണ്ട് നിന്ന ഓണം വാരാഘോഷം തിങ്കളാഴ്ച തലസ്ഥാനത്ത് വർണ്ണാഭമായ ഘോഷയാത്രയോടെ സമാപിക്കും. ഘോഷയാത്ര വെള്ളയമ്പലം മുതൽ കിഴക്കേകോട്ട വരെയാണ് കടന്നുപോകുന്നത്. ടൂറിസം വകുപ്പിന്റെ കണക്കനുസരിച്ച് 75 ഓളം ഫ്‌ളോട്ടുകളാണ് ഇത്തവണ പങ്കെടുക്കുക. കേരളത്തിന്‍റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന വിവിധ മേഖലകളിൽ നിന്നുള്ള 105 ഓളം കലാസംഘങ്ങൾ ഇവരെ അനുഗമിക്കും. ആയിരത്തിലധികം കലാകാരൻമാരും സാംസ്കാരിക ഘോഷയാത്രയിൽ പങ്കെടുക്കും.

വൈകീട്ട് അഞ്ചിന് ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങൾ, മിഷൻ പദ്ധതികൾ, ടൂറിസം വകുപ്പിന്‍റെ കാരവൻ ടൂറിസം, കൃഷി വകുപ്പിന്‍റെ ‘ഞങ്ങളും കൃഷിയിലേക്ക്’ തുടങ്ങിയ വിവിധ വകുപ്പുകളുടെ നൂതന പദ്ധതികൾ, സ്ത്രീ സുരക്ഷ, പ്ലാസ്റ്റിക് രഹിത കേരളം, ഭക്ഷ്യ സ്വയംപര്യാപ്തത, കേരള പൈതൃകം തുടങ്ങിയ പുരോഗമന ആശയങ്ങൾ എന്നിവ ഫ്ളോട്ടുകളുടെ വിഷയമാകും.

വിവിധ സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നീ വിഭാഗങ്ങളിലായാണ് ഫ്ലോട്ടുകൾ അവതരിപ്പിക്കുക. കൂടാതെ, കലാരൂപങ്ങൾ, പ്രച്ഛന്ന വേഷങ്ങൾ, അഭ്യാസികൾ, അശ്വാരുഢ സേന, സംഗീതോപകരണങ്ങൾ എന്നിവ ഘോഷയാത്രയെ വർണ്ണാഭമാക്കും. ഓരോ വിഭാഗത്തിലെയും വിജയികളെ തിങ്കളാഴ്ച തന്നെ പ്രഖ്യാപിക്കുകയും നിശാഗന്ധിയിൽ നടക്കുന്ന സമാപന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്യും.

K editor

Read Previous

ഭാരത് ജോഡോ യാത്ര കേരളത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നു: അടൂര്‍

Read Next

ശ്രീനാഥ് ഭാസിയുടെ ‘ചട്ടമ്പി’ സെപ്റ്റംബർ 23ന് തിയേറ്ററുകളിലെത്തും