പള്ളിയോടം മറിഞ്ഞ് പ്ലസ്ടു വിദ്യാർഥി മരിച്ചു; മൂന്നുപേരെ കാണാതായി

ആലപ്പുഴ: ആറന്മുളയ്ക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് ഒരാൾ മരിച്ചു, മൂന്നുപേരെ കാണാതായി. പ്ലസ്ടു വിദ്യാർഥിയായ ചെന്നിത്തല സ്വദേശി ആദിത്യനാണ് മരിച്ചത്. കാണാതായ രാജേഷ്, വിജീഷ് തുടങ്ങിയവർക്കായി തിരച്ചിൽ തുടരുന്നു. ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് ഒരുങ്ങിയ ചെന്നിത്തല പള്ളിയോടമാണ് മാവേലിക്കര വലിയപെരുമ്പുഴ കടവിൽ മറിഞ്ഞത്. പ്രദക്ഷിണത്തിനിടെയാണ് അപകടം.

വള്ളം മറിഞ്ഞ് അപകടം ഉണ്ടായ ഉടൻ തന്നെ ആദിത്യനെ കാണാതായി എന്ന വിവരം സ്ഥിരീകരിച്ചിരുന്നു. സ്കൂബാ ടീമും നാട്ടുകാരും നടത്തിയ തിരച്ചിലാണ് പള്ളിയോടത്തിന് അമ്പത് മീറ്റർ ദൂരെ മാറി ആദിത്യന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു.

അമ്പതിലേറെ ആളുകൾ പള്ളിയോടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. പ്രദക്ഷിണ സമയത്ത് തുഴച്ചിൽകാർ അല്ലാത്തവരും വഴിപാടായി വള്ളത്തിൽ കയറിയിരുന്നു. കേറുന്നവരുടെ കൂട്ടത്തിൽ ഉള്ളയാളായിരുന്നു ആദിത്യൻ. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു അപകടം. അറുപത് തുഴച്ചിലുകാർ കയറുന്ന പള്ളിയോടമായിരുന്നു ഇതെന്നാണ് വിവരം.

Read Previous

ജയിലുകളില്‍ വിചാരണത്തടവുകാര്‍ ഏറുന്നു; ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി

Read Next

ഓണാഘോഷത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ കൈയാങ്കളി