ഭാരത് ജോഡോ യാത്ര ഞായറാഴ്ച കേരളത്തിലെത്തും: ഏഴ് ജില്ലകളില്‍ പര്യടനം

തിരുവനന്തപുരം: എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഞായറാഴ്ച്ച കേരളത്തിൽ എത്തും. ‘ഒരുമിക്കുന്ന ചുവടുകള്‍ ഒന്നാകുന്ന രാജ്യം’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പദയാത്രയെ വരവേൽക്കാൻ കോൺഗ്രസ്‌ നേതൃത്വം എല്ലാ സജ്ജീകരണങ്ങളും ഒരുക്കി. കേരളത്തിൽ നിന്നുള്ള പദയാത്രക്കാരും യാത്രയിൽ പങ്കുചേരും.

സെപ്റ്റംബർ ഏഴിനാണ് കന്യാകുമാരിയിൽ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഞായറാഴ്ച രാത്രിയോടെ കേരള അതിർത്തിയിലെ പാറശ്ശാല ചെറുവാരക്കോണത്ത് യാത്ര എത്തും. സെപ്റ്റംബർ 11ന് രാവിലെ ഏഴിന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.മുരളീധരൻ എം.പി, യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, ഭാരത് ജോഡോ യാത്ര സംസ്ഥാന കോ-ഓർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, അടൂർ പ്രകാശ്, എം.വിൻസെന്‍റ് എം.എൽ.എ, ഡി.സി.സി പ്രസിഡന്‍റ് പാലോട് രവി, എം.പിമാർ, എം.എൽ.എമാർ, എം.എൽ.എമാർ, കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവർ ചേർന്ന് ജാഥ സ്വീകരിക്കും. കന്യാകുമാരി മുതൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് യാത്രയെ അനുഗമിക്കുന്നത്.

കേരളത്തിലെ ഏഴ് ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോകുന്നത്. തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് ദേശീയ പാത വഴിയും തുടർന്ന് സംസ്ഥാന പാത വഴി നിലമ്പൂരിലേക്കുമാണ് പദയാത്ര. യാത്ര കടന്നുപോകാത്ത ജില്ലകളിൽ നിന്നുള്ള പ്രവർത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 4 മുതൽ 7 വരെയും ആണ് യാത്രയുടെ സമയം. അതേസമയം ജാഥാ ക്യാപ്റ്റൻ രാഹുൽ ഗാന്ധി സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികൾ, കർഷകർ, യുവാക്കൾ, സാംസ്കാരിക നേതാക്കൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

K editor

Read Previous

കേരള ബിജെപിയുടെ ചുമതല പ്രകാശ് ജാവഡേക്കറിന്

Read Next

അസം മുഖ്യമന്ത്രിയുടെ പരിപാടിക്കിടെ ടിആർഎസ് പ്രവർത്തകൻ സ്റ്റേജിൽ കയറി മൈക്ക് തകർത്തു