ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ ബിഷപ്പിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിൽ 1.65 കോടിരൂപ കണ്ടെത്തി

ഭോപ്പാല്‍: ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ജബല്‍പുര്‍ രൂപത ബിഷപ്പ് പി.സി. സിങ്ങിന്റെ വീട്ടിലും ഓഫീസിലും നടത്തിയ പരിശോധനയിൽ കോടിക്കണക്കിന് രൂപയും വിദേശ കറൻസിയും ആഭരണങ്ങളും കണ്ടെടുത്തു. 1.65 കോടി രൂപയും 18,000 യുഎസ് ഡോളറും(ഏകദേശം 14.3 ലക്ഷം രൂപ), 118 ബ്രിട്ടീഷ് പൗണ്ട്, 80.72 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങൾ എന്നിവ വ്യാഴാഴ്ച മധ്യപ്രദേശ് പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തു. ഇതിനുപുറമെ, വിവിധ സ്വത്തുക്കളുമായി ബന്ധപ്പെട്ട രേഖകളും 48 ബാങ്ക് അക്കൗണ്ടുകളും കണ്ടെടുത്തിട്ടുണ്ട്.

ബോർഡ് ഓഫ് എജ്യുക്കേഷൻ ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (ജബൽപൂർ രൂപത) ചെയർമാൻ പി.സി സിംഗിനെതിരെയും ഇൻസ്റ്റിറ്റ്യൂട്ട് മുൻ രജിസ്ട്രാർ ബി.എസ് സോളങ്കിക്കെതിരെയും സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഒ.ഡബ്ല്യു) കഴിഞ്ഞ മാസം കേസെടുത്തിരുന്നു. രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം വകമാറ്റി ചെലവഴിച്ച് വ്യാജരേഖ ചമച്ചെന്ന പരാതിയിലാണ് കേസെടുത്തത്. ഈ കേസിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ജബൽപൂരിലെ നേപ്പിയർ ടൗണിലെ ഒരു വീട്ടിലും ഓഫീസിലും പൊലീസ് സംഘം റെയ്ഡ് നടത്തിയിരുന്നു.

കേസിലെ പ്രതിയായ പി.സി. സിംഗ് ഇപ്പോൾ ജർമ്മനിയിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. റെയ്ഡ് നടക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നതായി അധികൃതർ പറഞ്ഞു.

K editor

Read Previous

അമ്മയാകാൻ ഒരുങ്ങുന്നു; ചിത്രങ്ങൾ പങ്കുവച്ച് നടി മൈഥിലി

Read Next

ആഘോഷ വേദികള്‍ ലവ് ജിഹാദിന് കാരണമാകുന്നു; വിവാദ പരാമര്‍ശവുമായി ബി.ജെ.പി മന്ത്രി