മന്ത്രി ഉദ്ഘാടനം ചെയ്ത കാന്റീൻ വിവാദത്തിൽ

കാഞ്ഞങ്ങാട്: റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഇന്നലെ ഉദ്ഘാടനം ചെയ്ത മിനി സിവിൽ  സ്റ്റേഷൻ കാന്റീൻ വിവാദത്തിൽ.

മിനിസിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ റജിസ്ട്രാർ ഓഫീസിന് സമീപം എം.പി. ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ കെട്ടിടത്തിൽ  പ്രവർത്തനമാരംഭിച്ച ജനകീയ ഹോട്ടൽ നടത്തിപ്പാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.

10 ലക്ഷത്തിലേറെ രൂപ ചെലവഴിച്ച് നിർമ്മാണം  പൂർത്തിയാക്കിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത് മുൻ എം.പി, പി. കരുണാകരനാണ്.

കാന്റീൻ കെട്ടിടം നടപടി ക്രമങ്ങൾ പൂർത്തിയാക്കി  ടെന്റർ വിളിച്ച് നടത്തിപ്പിന് കൊടുക്കണമെന്നാണ് ചട്ടം. എന്നാൽ മാനദണ്ഡം മറി കടന്ന്  കാഞ്ഞങ്ങാട് സൗത്തിലെ സ്നേഹതീരം കുടുംബശ്രീയ്ക്ക് ഹോട്ടൽ നടത്തിപ്പിന് വിട്ടു കൊടുത്തതാണ് വിവാദമായത്.

പൊതുജനങ്ങൾക്ക് 20 രൂപയ്ക്ക് ഭക്ഷണം നൽകുന്ന ജനകീയ ഹോട്ടലാണ് മിനി സിവിൽ സ്റ്റേഷൻ കാന്റീൻ കെട്ടിടത്തിൽ ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചത്.

നമ്പർ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കാത്ത കെട്ടിടത്തിൽ ധൃതിപ്പെട്ട് ഹോട്ടൽ ആരംഭിച്ചതും വിമർശനത്തിന് മൂർച്ച കൂട്ടി.

സർക്കാറിന്റെ ജനകീയ യ ഹോട്ടൽ സംരംഭം കുടുംബശ്രീയെ ഏൽപ്പിക്കണമെന്നാണ് വ്യവസ്ഥയെങ്കിലും, സ്ഥാപനം തുടങ്ങുന്നതിന് കെട്ടിടം സ്വന്തമായി കണ്ടെത്തണമെന്ന വ്യവസ്ഥയുണ്ട്. വ്യവസ്ഥകൾ പാലിച്ച് ഇന്നലെ കാഞ്ഞങ്ങാട് ബസ്്സ്റ്റാന്റിന് പിറക് വശം മറ്റൊരു ജനകീയ ഹോട്ടൽ ആരംഭിച്ചിരിക്കയാണ്.

നഗരസഭയിലെ തന്നെ 14-ാം വാർഡിൽ ഹൊസ്ദുർഗ്ഗ് സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ സർക്കാർ കെട്ടിടത്തിൽ വാടക പോലും ഈടാക്കാതെയാണ്  മന്ത്രി കുടുംബശ്രീ പ്രവർത്തകർക്ക് ജനകീയ ഹോട്ടൽ തുറന്ന് കൊടുത്തിരിക്കുന്നത്.

കാഞ്ഞങ്ങാട് നഗരസഭയ്ക്ക് കീഴിൽ ഒമ്പത് അംഗീകൃത കുടുംബശ്രീ യൂനിറ്റുകളുണ്ട്. കുടുംബശ്രീ അംഗങ്ങളെ മുഴുവൻ പങ്കെടുപ്പിച്ച് ലേല നടപടികൾ പൂർത്തിയാക്കി വേണം ജനകീയ ഹോട്ടൽ നടത്തിപ്പ് നൽകാൻ എന്നിരിക്കെ, സിവിൽ സ്റ്റേഷനിലെ ജനകീയ ഹോട്ടൽ നടത്തിപ്പിന് പ്രസ്തുത നടപടി ക്രമങ്ങളും പൂർക്കിയാക്കിയില്ല.

മന്ത്രിക്ക് പുറമെ നഗരസഭാ ചെയർമാൻ വി.വി. രമേശൻ, വൈസ് ചെയർപേഴ്സൺ  എൽ. സുലൈഖ, കലക്ടർ ഡോ. ഡി. സജിത്ബാബു, സബ് കലക്ടർ ഡി.ആർ. മേഘശ്രീ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു.

LatestDaily

Read Previous

ഇരുവൃക്കകളും തകരാറിലായ യുവാവ് കാരുണ്യം തേടുന്നു

Read Next

ഉറങ്ങാൻ കിടന്ന ഗൃഹനാഥൻ കുളിമുറിയിൽ തൂങ്ങി മരിച്ചു