സമുദ്ര ഉപ്പുകമ്പനി: 30 കോടിയുടെ പദ്ധതിയെന്ന് ഉടമകൾ

കാഞ്ഞങ്ങാട്: മരക്കാപ്പ് കടപ്പുറത്ത് ആരംഭിക്കുന്ന സമുദ്ര ഉപ്പ് നിർമ്മാണ കമ്പനി 30 കോടി രൂപയുടെ പദ്ധതിയാണെന്ന് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ സി.കെ. പത്മനാഭൻ നമ്പ്യാരും, ജനറൽ മാനേജരും  എക്സിക്യൂട്ടീവ് ഓഫീസറുമായ ബാബു ജി. വർഗ്ഗീസും കാഞ്ഞങ്ങാട്  നടത്തിയ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പദ്ധതിക്കായി 2 ഏക്കർ 7 സെന്റ് സ്ഥലം ഒഴിഞ്ഞവളപ്പിൽ വാങ്ങാൻ ഉദ്ദേശിക്കുന്നു. ഇതിന്റെ കരാർ  നടപടികൾ പൂർത്തിയായി. കേന്ദ്ര സർക്കാരിൽ നിന്നും പദ്ധതിക്ക് അംഗീകാരം ലഭിക്കുമെന്നും, ഇതിനായുള്ള  ശ്രമം അവസാന ഘട്ടത്തിലാണെന്നും, കമ്പനി ഉടമകൾ  വ്യക്തമാക്കി.

30 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സർക്കാറിൽ നിന്നുമാത്രം തുകയുടെ 30 ശതമാനം സബ്സിഡി ലഭിക്കും.

ഇതിന് പുറമെ പദ്ധതിക്കായി വായ്പ നൽകാമെന്നേറ്റിട്ടുള്ള കെഎസ്എഫ്ഇയിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും നഗരസഭയിൽ നിന്നും ആനുകൂല്യങ്ങൾ  ലഭിക്കും.

കേരളത്തിലെ ആദ്യസംരംഭമായ ഉപ്പുകമ്പനിക്ക് വ്യവസായ വകുപ്പിന്റെ പിന്തുണയുണ്ട്.  വ്യവസായ വകുപ്പിൽ ഓൺലൈൻ വഴിയാണ് റജിസ്റ്റർ നടപടി പൂർത്തിയാക്കിയതെന്ന് കമ്പനി ഉടമകൾ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കടൽവെള്ളത്തിൽ നിന്നും ഉപ്പ് ശേഖരിക്കാൻ അനുവദിക്കില്ലെന്ന വാദം അസ്ഥാനത്താണ്. തമിഴ്നാട്ടിലേയും കേരളത്തിലേയും നിരവധി വ്യവസായ ശാലകൾ കടൽവെള്ളം ഉപയോഗിക്കുന്നു. വളപട്ടണത്തെ പ്ലൈവുഡ് കമ്പനി കടൽവെള്ളം ഉപയോഗിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.

കാസർകോട് വ്യവസായ കേന്ദ്രവുമായി ആലോചിച്ചാണ് പദ്ധതി. സിന്റിക്കേറ്റ് ബാങ്ക് ശാഖയിലാണ് സ്ഥാപനത്തിന്റെ അക്കൗണ്ട് ആരംഭിച്ചിരിക്കുന്നത്. പദ്ധതിയിൽ ഷെയർ പിരിച്ചിട്ടില്ല. ജോലിക്കായി ഉദ്യോഗാർത്ഥികളിൽ നിന്നും പണം പിരിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കി.

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കണ്ണൂർ- കാസർകോട് ജില്ലകളിലെ മുഴുവൻ സർക്കാർ ഓഫീസുകൾക്കും ഫയർഫോഴ്സ്,  ആശുപത്രി എന്നിവയിലേക്കും സൗജന്യമായി വെള്ളം നൽകാൻ കഴിയുമെന്നും പദ്ധതി നടത്തിപ്പുകാർ അവകാശപ്പെട്ടു.

ഉപ്പ് ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം ഒരേ സമയം  അറുപതിനായിരം ലിറ്റർ ശുദ്ധജലം വരെ ഉൽപ്പാദിപ്പിക്കും. ഉപ്പും ശുദ്ധജലവും ഒരുമിച്ച് ഉണ്ടാകുന്നത് വലിയ ലാഭകരമാണ്.

LatestDaily

Read Previous

മോഹൻലാൽ സുഖ ചികിൽസയിൽ

Read Next

ഒറ്റ നമ്പർ ചൂതാട്ടം പിടിമുറുക്കി