ഡൽഹിയിൽ പോയത് രാഷ്ട്രീയ ചർച്ചകൾക്കോ? ബസന്ത് സോറന്റെ മറുപടി വിവാദത്തിൽ

ധുംക: ജാർഖണ്ഡിലെ ഹേമന്ത് സോറൻ മന്ത്രിസഭ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ ഹേമന്ത് സോറന്‍റെ സഹോദരനും ധുംക എംഎൽഎയുമായ ബസന്ത് സോറന്റെ വിവാദ പ്രസ്താവന. ഭരണസഖ്യത്തിലെ പ്രധാന കക്ഷിയായ ജാർഖണ്ഡ് മുക്തി മോർച്ച മറ്റ് പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയായിരുന്നു എന്തിനാണ് ഡൽഹിയിലേക്ക് പോയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യം. അടിവസ്ത്രം വാങ്ങാൻ പോയതാണെന്നായിരുന്നു ബസന്ത് സോറന്‍റെ മറുപടി. “ഞങ്ങൾ പതിവായി ഡൽഹിയിൽ നിന്നാണ് അടിവസ്ത്രങ്ങൾ വാങ്ങുന്നത്. പുതിയ അടിവസ്ത്രങ്ങൾ ആവശ്യമായതിനാൽ വാങ്ങാൻ പോയതാണ്” സോറൻ പറഞ്ഞു.

ധുംകയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് സന്ദർശിക്കവെയായിരുന്നു എംഎൽഎയുടെ പരാമർശം. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കൊല്ലപ്പെട്ട പെൺകുട്ടികളുടെ വീട് എം.എൽ.എ സന്ദർശിക്കാത്തതിൽ രാഷ്ട്രീയ വിവാദം ഉയർന്നതിന് പിന്നാലെയായിരുന്നു ബസന്ത് സോറന്‍റെ ധുംക സന്ദർശനം. ധുംകയിൽ മാത്രമല്ല രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ബലാത്സംഗവും കൊലപാതകവും നടക്കുന്നുണ്ടെന്ന ബസന്തിന്‍റെ പ്രസ്താവന വിവാദമായിരുന്നു. ജാർഖണ്ഡിൽ ഹേമന്ത് സോറൻ മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ വിജയിക്കുകയും സഭയിൽ ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധിയില്ലെന്നും എല്ലാം സമാധാനപരമാണെന്നും ബസന്ത് സോറൻ പറഞ്ഞു.

ഹേമന്ത് സോറന്‍റെ ഉടമസ്ഥതയിലുള്ള കരിങ്കൽ ക്വാറിക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അദ്ദേഹത്തെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഗവർണറോട് ശുപാർശ ചെയ്തെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സർക്കാരിനെതിരെ നീങ്ങിയത്. മുഖ്യമന്ത്രിക്ക് പുറമെ ബസന്ത് സോറനെതിരെയും ബിജെപി പ്രചാരണം ശക്തമാക്കിയിരുന്നു. ഒരു വലിയ ഖനന കമ്പനിയുടെ ഡയറക്ടറായ ബസന്ത് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇത് മറച്ചുവച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. ബസന്ത് സോറനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ആരംഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയമസഭാ അംഗത്വം നിലനിൽക്കുമോ എന്ന കാര്യത്തിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനിടെയാണ് ഹേമന്ത് സോറന്‍റെ മന്ത്രിസഭ വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചത്.

K editor

Read Previous

എല്ലാ വകുപ്പിലും വലിയ കാറുകള്‍ ആവശ്യമില്ല; കെ.എൻ. ബാലഗോപാൽ

Read Next

അപകടത്തിന് 5 സെക്കന്‍ഡ് മുമ്പുവരെ മിസ്ത്രിയുടെ വാഹനം 100 കി.മി സ്പീഡില്‍; മെഴ്‌സിഡസ് അന്വേഷണ റിപ്പോർട്ട്